മന്ത്രി സജി ചെറിയാൻ Source: News Malayalam 24x7
KERALA

അപകടം നടക്കുന്ന സമയം ടയറിൽ നട്ട് ഉണ്ടായിരുന്നില്ല; ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടതിൽ സംശയം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

സിനിമാ പ്രവർത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടതിൽ സംശയം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. അപകടം നടക്കുന്ന സമയം ടയറിൽ നട്ട് ഉണ്ടായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. വാഹനം ഗസ്റ്റ് ഹൗസിലാണ് ഇട്ടിരുന്നത്, വീട്ടിൽ പാർക്ക്‌ ചെയ്യാറില്ല. പൊലീസും ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവം പൊലീസ് അന്വേഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സിനിമാ പ്രവർത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. വിദ്വേഷത്തിന്റെ അന്തരീക്ഷം ഉണ്ടാക്കുന്ന പല സാഹചര്യങ്ങൾ ഇന്ന് ഉണ്ട്. ഈ പശ്ചാത്തലത്തിലാണ് ചർച്ച നടത്തിയത്. നിരവധി നിർദേശങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ചർച്ചയിൽ ഉയർന്നുവന്ന ആശയങ്ങൾ നയരൂപീകരണത്തിൽ പരിഗണിക്കും. സിനിമ നയരൂപീകരണം അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഐഎഫ്എഫ്കെയിലെ ചിത്രങ്ങളുടെ വിലക്കിൽ എല്ലാ സിനിമയും പ്രദർശിപ്പിക്കുക എന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രി പറഞ്ഞു. അത് ചെയ്യേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണ്. ആവിഷ്കാര മേഖലയിലെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന ഒന്നിനോടും സമരസപ്പെടാൻ തയ്യാറല്ല. ഇക്കാര്യങ്ങളിൽ പൊരുതുക എന്ന മുദ്രാവാക്യം മാത്രമാണ് മുന്നിൽ ഉള്ളതെന്നും മന്ത്രി പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി ഐഎഫ്എഫ്കെയുടെ സമയത്ത് ഉണ്ടാവില്ലെന്ന് അറിയിച്ചിരുന്നു. നാളെ അദ്ദേഹം എത്തുമെന്നും സമാപന സമ്മേളനത്തിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.

SCROLL FOR NEXT