വി. ശിവൻകുട്ടി Source: News Malayalam 24x7
KERALA

"മതവും ജാതിയും നോക്കി വിദ്യാഭ്യാസ രംഗത്തെ വിരട്ടാൻ നോക്കേണ്ട"; ഭിന്നശേഷി സംവരണത്തിൽ മാനേജ്മെന്റുകൾക്കെതിരെ സ്വരം കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

അറ്റോണി ജനറലിന്റെ നിർദേശപ്രകാരം കോടതി വിധി അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്മെന്റുകൾക്കെതിരെ സ്വരം കടുപ്പിച്ച് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സർക്കാർ ഇതുവരെയും സൗഹാർദ്ദപരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അറ്റോണി ജനറലിന്റെ നിർദേശപ്രകാരം കോടതി വിധി അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഈ തീരുമാനത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

മതവും ജാതിയും നോക്കി വിദ്യാഭ്യാസ രംഗത്തെ വിരട്ടാൻ നോക്കണ്ടെന്നും വി. ശിവൻകുട്ടി. അവസാന ഭരണ ഘട്ടത്തിൽ സർക്കാരിനെതിരെയുള്ള സമരം രാഷ്ട്രീയ പ്രേരിതമാണ്. ലഭ്യമായ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും സർക്കാർ എപ്പോഴും ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പ്രതികരിച്ചു.

എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസവും മന്ത്രി പറഞ്ഞിരുന്നു. വർഷങ്ങളോളം നടപടികൾ സ്വീകരിക്കാതെ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വസ്തുതകൾ മറച്ചുവെക്കാനാണ്. വിഷയത്തിന് രാഷ്ട്രീയ നിറം നൽകാനുള്ള ശ്രമം വിലപോവില്ലെന്നും സർക്കാർ നടപടി ചട്ടങ്ങൾ പാലിച്ചാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു.

എയിഡഡ് സ്കൂളുകളിൽ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള അധികാരം മാനേജ്മെന്റുകൾക്കാണ്. സർക്കാർ ആ നിയമനങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ, നിയമനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടത് മാനേജ്മെന്റുകൾ തന്നെയാണ്. സർക്കാരിന്റെ മേൽ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.

ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് 2021ൽ ഹൈക്കോടതിയിൽ ഒരു കേസ് നിലവിൽ വന്നിരുന്നു. അന്നുമുതൽ 2025 വരെ ഈ വിഷയത്തിൽ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുന്നതിൽ മാനേജ്മെന്റുകൾ എന്ത് ചെയ്തു എന്ന് വ്യക്തമാക്കണം. നാലുവർഷത്തോളം ഒരു നടപടിയും സ്വീകരിക്കാതെ, ഇപ്പോൾ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വസ്തുതകളെ മറച്ചുവെക്കാനാണെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

SCROLL FOR NEXT