'ഭാരതാംബ' വിവാദത്തിൽ ഗവർണർക്കെതിരെ വിമർശനവുമായി നേതാക്കൾ. ഗവർണർ ഭരണഘടനയാണോ വിചാര ധാരയാണോ നയിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചോദിച്ചു.
വി. ശിവൻകുട്ടിയുടെ നിലപാട് ശരിയാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പ്രതികരിച്ചു. ഭാരതാംബ ആണെങ്കിൽ ത്രിവർണ പതാക ഏന്തണമെന്നും മുരളീധരൻ പറഞ്ഞു. പുതിയ ഗവർണർ ഒരവസരം കിട്ടാൻ കാത്ത് നിൽക്കുകയായിരുവെന്ന് മുൻ ധനമന്ത്രി തോമസ് ഐസകും പറഞ്ഞു.
'ഭാരതാംബ' ചിത്ര വിവാദത്തിൽ ഗവർണറെ മന്ത്രി വി. ശിവൻകുട്ടി കടന്നാക്രമിച്ചിരുന്നു. പ്രോട്ടോക്കോൾ ലംഘിച്ചെന്ന രാജ്ഭവന്റെ വാദം തെറ്റ്. ഗവർണർ ആർഎസ്എസുകാരനായാൽ അതെ രീതിയിൽ മറുപടി നൽകും. 'ഭാരതാംബ'യുടെ ചിത്രം രാജ്ഭവനിൽ വെക്കേണ്ട ആവശ്യമില്ല. 'ഭാരതാംബ' ചിത്രം വെച്ച് മുന്നോട്ട് പോയൽ കേരളം ഒന്നായി എതിർക്കും. മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ വെടിവെയ്ക്കുന്ന രാഷ്ട്രീയം കേരളത്തിൽ അനുവദിക്കില്ലെന്നും വി. ശിവൻകുട്ടി ന്യൂസ് മലയാളത്തോട് പറഞ്ഞു.
ഗവർണറുടെ അധികാരങ്ങൾ പാഠ്യവിഷയമാക്കുമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. ഗവർണറുടെ അധികാരങ്ങൾ വിദ്യാർഥികൾ അറിഞ്ഞിരിക്കണം. പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം വോളിയത്തിൽ ഉൾപ്പെടുത്തും. അടുത്ത വർഷം പ്ലസ് വൺ, പ്ലസ് ടു പാഠപുസ്തകങ്ങളിലും ഗവർണറുടെ അധികാരങ്ങൾ ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ഇതിനിടെ എക്സിലും ഗവർണറും മന്ത്രിയും തമ്മിൽ പോരിട്ടു. ഭാരതാംബ ചിത്രം മാറ്റില്ല എന്ന ഗവർണറുടെ പോസ്റ്റിന് അടിയിൽ, ഭരണഘടനയ്ക്ക് ഒപ്പം നിൽക്കുമെന്ന് മന്ത്രി മറുപടിയിട്ടു. വഴുതക്കാട്, എബിവിപി പ്രവർത്തകർ വാഹനം തടഞ്ഞതിന് പിന്നാലെ മന്ത്രി വി. ശിവൻകുട്ടിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. പൈലറ്റ് വാഹനത്തിനൊപ്പം രണ്ട് പൊലീസ് എസ്കോർട്ട് വാഹനങ്ങൾ കൂടി ഉൾപ്പെടുത്തി.
അതേസമയം 'ഭാരതാംബ' ചിത്ര വിവാദത്തിൽ രാജ്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേട് മറികടന്ന് പോകാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.