KERALA

64ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുക മോഹൻലാൽ: മന്ത്രി വി. ശിവൻകുട്ടി

തുടർച്ചയായ മൂന്ന് തവണ വിധികർത്താക്കളായവർ ഇത്തവണ ഒഴിവാക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനനന്തപുരം: 64ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുക നടൻ മോഹൻലാൽ ആണെന്ന് മന്ത്രി വി. ശിവൻകുട്ടി. ജനുവരി 14 മുതൽ 18 വരെ നടക്കുന്ന കലോത്സവത്തിന് തൃശൂർ ജില്ലയാണ് വേദിയാകുക. തുടർച്ചയായ മൂന്ന് തവണ വിധികർത്താക്കളായവർ ഇത്തവണ ഒഴിവാക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ വിധികർത്താക്കൾ വിജിലൻസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ഇവരിൽ നിന്നും സത്യവാങ്മൂലവും എഴുതി വാങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

കലോത്സവത്തിന്റെ പന്തൽ കാൽനാട്ട് കർമം പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിലെ എക്‌സിബിഷൻ ഗ്രൗണ്ടിൽ 20ന് രാവിലെ 11ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. റവന്യു മന്ത്രി കെ.രാജൻ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂളിൽ സംസ്ഥാന കലോത്സവ ലോഗോ പ്രകാശനം, 63-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മീഡിയ അവാർഡ് പ്രഖ്യാപനം, പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം, റിവ്യൂ മീറ്റിങ് എന്നിവയും നടക്കും.

അതേസമയം, നാല് ലേബർ കോഡുകൾക്കെതിരായി ശക്തമായ നിലപാട് ലേബർ കോൺക്ലേവ് സ്വീകരിച്ചതായും വി. ശിവൻകുട്ടി അറിയിച്ചു. ലേബർ കോഡുകൾക്കെതിരായ പോരാട്ടം തുടരും. തൊഴിലാളി നേതാക്കളോടൊപ്പം കേന്ദ്ര തൊഴിൽ മന്ത്രിയെ കാണും. കോഡ് സംബന്ധിച്ച് പഠിക്കാനായി മൂന്നംഗ സമിതിയെ കോൺക്ലേവ് നിയോഗിച്ചിട്ടുണ്ട്. സുപ്രീം കോടതി മുൻ ജഡ്ജ് ഗോപാല ഗൗഡ ചെയർമാനായ സമിതിയിൽ പ്രൊഫ. ശ്യം സുന്ദർ, അഡ്വ. വർക്കിച്ചൻ പേട്ട എന്നിവരും ഉൾപ്പെടും. രണ്ട് ലേബർ റിസർച്ച് സ്കോളർമാരും സമിതിയിൽ വരും. ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. ലേബർ കോഡുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും സമിതി പരിശോധിക്കുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.

SCROLL FOR NEXT