മന്ത്രി വി. ശിവൻകുട്ടി Source: News Malayalam 24x7
KERALA

പ്രതിപക്ഷത്തുള്ളവർ നടത്തുന്നതിലും രൂക്ഷമായ വിമർശനം നടത്തി; സിപിഐ നേതാക്കളുടെ പ്രതികരണം ഏറെ വേദനയുണ്ടാക്കിയെന്ന് മന്ത്രി വി. ശിവൻകുട്ടി

സിപിഐക്കെതിരെ കടുത്ത വിമർശനം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും മന്ത്രി

Author : ന്യൂസ് ഡെസ്ക്

കൊല്ലം: പിഎം ശ്രീ പദ്ധതി പുനഃപരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെ സിപിഐ നേതാക്കളെ കുറിച്ചുള്ള തൻ്റെ അതൃപ്തി പരസ്യമാക്കി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീയിൽ സിപിഐ നേതാക്കളുടെ പ്രതികരണം ഏറെ വേദനയുണ്ടാക്കിയെന്ന് മന്ത്രി പറഞ്ഞു. സിപിഐക്കെതിരെ കടുത്ത വിമർശനം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഒരു മാധ്യമം തെറ്റായി വാർത്ത നൽകിയെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

ജി.ആർ. അനിൽ സിപിഐ ഓഫീസിനു മുന്നിൽ വച്ച് തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നും അനിലിനെ ഫോണിൽ വിളിച്ച ശേഷമാണ് ഓഫീസിൽ പോയതെന്നും ശിവൻകുട്ടി പറഞ്ഞു. പ്രകാശ് ബാബു എം.എ. ബേബിയെ കുറിച്ച് നടത്തിയ ഒരു പ്രസ്താവന ശരിയായതല്ല. എഐഎസ്എഫ്- എഐവൈഎഫ് പ്രവർത്തകർ തൻ്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയത് ശരിയായ രീതിയല്ല. തൻ്റെ കോലം കത്തിച്ചത് ശരിയായില്ല. മുഖ്യമന്ത്രി അടക്കം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമായിരുന്നു ഇത്. ഇത്തരത്തിലൊരു രീതി ശരിയായ നടപടിയല്ല. പ്രതിപക്ഷത്തുള്ളവർ നടത്തുന്നതിലും രൂക്ഷമായ വിമർശനമാണ് തനിക്കെതിരെ സിപിഐ നേതാക്കൾ നടത്തിയതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ബിനോയ് വിശ്വത്തെ താൻ നേരിൽ കണ്ടു. പൊതുവിദ്യാഭ്യാസ വകുപ്പിനെ കുറിച്ച് അദ്ദേഹത്തിന് നല്ല മതിപ്പാണുള്ളതെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

SCROLL FOR NEXT