കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്ക് പിന്നാലെ സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്ന് മന്ത്രിമാർ. സർക്കാർ അതിജീവിതയ്‌ക്കൊപ്പമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികളാണ് സർക്കാർ എടുത്തിട്ടുള്ളതെന്നും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
നടിക്ക് പൂർണ നീതി കിട്ടിയിട്ടില്ലെന്ന് നിയമ മന്ത്രി പി.രാജീവ് പറഞ്ഞു. സർക്കാർ എന്നും അതിജീവിതയ്‌ക്കൊപ്പമാണ്. വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ പോകും. ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയെന്നും പി. രാജീവ് അറിയിച്ചു. അതിജീവിതയുടെ പോരാട്ടത്തിൽ സർക്കാർ അവൾക്കൊപ്പം ഉണ്ടാകുമെന്നും എല്ലാവിധ പിന്തുണയും അതിജീവിതയ്ക്ക് നൽകുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അതീവ ഗൗരവത്തോടെയാണ് വിഷയത്തെ മുഖ്യമന്ത്രിയും സർക്കാരും കണ്ടിരുന്നത്. വിധിയുടെ പൂർണരൂപം വന്നതിനുശേഷം ആലോചിച്ചു തീരുമാനമെടുക്കുമെന്നും വി. ശിവൻകുട്ടി പ്രതികരിച്ചു.
പ്രോസിക്യൂഷനെ പിന്തുണച്ച് എം.വി. ജയരാജനും രംഗത്തെത്തി. ഇത് അവസാനത്തെ കോടതിയല്ല. തെറ്റ് ചെയ്തവരെ ശിക്ഷിച്ചെങ്കിൽ അതിനു പിന്നിൽ ചെയ്യിച്ചവരും ഉണ്ടാകും. എന്നും അതിജീവിതയ്‌ക്കൊപ്പമാണ് സർക്കാർ എന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂത്തിലിൻ്റെ കേസിലും ഇതു തന്നെയാണ് നിലപാടെന്നും എം.വി. ജയരാജൻ.
അതേസമയം, അന്വേഷണ സംഘം ക്രിമിനലാണെന്ന ദിലീപിൻ്റെ ആരോപണം ഗുരുതരമാണെന്നായിരുന്നു എ.കെ. ബാലൻ്റെ പ്രതികരണം. ബി. സന്ധ്യ ക്രിമിനലാണെന്ന അഭിപ്രായം തനിക്കില്ല. ഇക്കാര്യത്തെ കുറിച്ച് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ആരും ശ്രമിചിട്ടില്ലെന്നും എ.കെ. ബാലൻ പറഞ്ഞു. ഒരു വലിയ വിഭാഗത്തെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞു. ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ല. സർക്കാർ അപ്പീൽ പോകുമെന്നാണ് പ്രതീക്ഷ. കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്നുറപ്പാണ്. സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നു എം.വി. ഗോവിന്ദൻ.