KERALA

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരായ ലൈംഗിക അതിക്രമം: ആക്രിക്കച്ചവടക്കാരന്‍ അറസ്റ്റില്‍

തമിഴ്‌നാട് സ്വദേശി മുത്തുവാണ് അറസ്റ്റിലായത്

Author : ന്യൂസ് ഡെസ്ക്

തൃശൂര്‍ : കൊടുങ്ങല്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലെ പ്രതിയായ ആക്രിക്കച്ചവടക്കാരന്‍ അറസ്റ്റിലായി. തമിഴ്‌നാട് സ്വദേശി മുത്തുവാണ് അറസ്റ്റിലായത്. ന്യൂസ് മലയാളം വാര്‍ത്തയ്ക്ക് പിന്നാലെയാണ് പ്രതി അറസ്റ്റിലായത്. കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇയാൾക്കെതിരെ പോക്സോ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

5 മാസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. 18 വര്‍ഷത്തോളമായി കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് ആക്രിക്കച്ചവടം നടത്തിവരികയാണ് ഇയാള്‍. കൊടുങ്ങല്ലൂരില്‍ നിന്ന് തന്നെ പിടിയിലായ ഇയാള്‍ പൊലീസ് ചോദ്യം ചെയ്യലില്‍ കുറ്റംസമ്മതിച്ചു.

കുട്ടിയുടെ മാതാപിതാക്കളറിയാതെ ആക്രക്കച്ചവട സ്ഥാപനത്തിലെത്തിച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. പീഡന ശ്രമത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ പ്രതിയെ സംരംക്ഷിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവെക്കേണ്ടി വന്നിരുന്നു. കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് പി വി രമണനാണ് രാജിവെക്കേണ്ടി വന്നത്. ആക്രിക്കച്ചവടക്കാരന്‍ കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യം സഹിതം പരാതിപ്പെട്ട യുവതിയെ രമണന്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രാജി ആവശ്യപ്പെട്ടത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

SCROLL FOR NEXT