KERALA

എയർപോർട്ടിലെത്തിയെന്ന് അവസാന സന്ദേശം, പാസ്‌പോർട്ടും ഫോണും വാങ്ങിവച്ചു; മലയാളി നഴ്സിനെ സൗദിയിൽ കാണാതായെന്ന് പരാതി

4 ദിവസം മുൻപാണ് റിയാദിൽ നാഴ്സിംഗ് ജോലി ചെയ്യുന്ന ഫിലോമിന അവധിക്ക് ശേഷം തിരിച്ച് മടങ്ങിയത്.

Author : ന്യൂസ് ഡെസ്ക്

വയനാട്: സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്യുന്ന മലയാളി യുവതിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി സ്വദേശി ഫിലോമിനയെയാണ് അവധി കഴിഞ്ഞ് തിരികെ മടങ്ങിയതിന് ശേഷം കാണാതായത്. എയർപോർട്ടിൽ എത്തിയെന്ന് അവസാന സന്ദേശം ലഭിച്ചെന്നും, തുടർന്ന് യാതൊരു വിവരവുമില്ലെന്നും കുടുംബം പറയുന്നു.

4 ദിവസം മുൻപാണ് റിയാദിൽ നാഴ്സിംഗ് ജോലി ചെയ്യുന്ന ഫിലോമിന അവധിക്ക് ശേഷം തിരിച്ച് മടങ്ങിയത്. എയർ പോർട്ടിൽ തന്റെ ഫോൺ വാങ്ങിവച്ചുവെന്നാണ് അവസാനമായി വീട്ടുകാർക്ക് ലഭിച്ച സന്ദേശം. പാസ്‌പോർട്ടും വാങ്ങി വെച്ചതായി ഫിലോമിന അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. ജിദ്ദയിൽ എത്തിയ മകളെ പിന്നീട് ഇതുവരെ ബന്ധപ്പെടാൻ ആയില്ലെന്നാണ് പരാതിയിൽ പറയുന്നത്.

എംബസിയുമായി ബന്ധപ്പെട്ടങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഫിലോമിനയുടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോൾ അവിടെ എത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് എന്നും കുടുംബം പറയുന്നു. ഫിലോമിനയെ എത്രയും വേഗം കണ്ടെത്തണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

SCROLL FOR NEXT