പ്രതീകാത്മക ചിത്രം Source: News Malayalam 24x7
KERALA

'മിഠായി' പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തില്‍; ടൈപ്പ് വണ്‍ പ്രമേഹ രോഗബാധിതരായ കുട്ടികളും മാതാപിതാക്കളും പ്രതിസന്ധിയില്‍

പുതിയ സർക്കാർ അധികാരത്തിലേറുമ്പോൾ കൂടുതൽ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രോഗ ബാധിതരായ കുട്ടികളും മാതാപിതാക്കളും...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ടൈപ്പ് വൺ പ്രമേഹ രോഗ ബാധിതരായ കുട്ടികളും മാതാപിതാക്കളും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. രോഗബാധിതരായ കുട്ടികൾക്കും കൗമാരക്കാർക്കും സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ 2018ൽ ആവിഷ്കരിച്ച് നടപ്പിലാക്കിയ മിഠായി പദ്ധതിയുടെ പ്രവർത്തനവും ഇപ്പോൾ അവതാളത്തിലാണ്. പുതിയ സർക്കാർ അധികാരത്തിലേറുമ്പോൾ കൂടുതൽ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രോഗ ബാധിതരായ കുട്ടികളും മാതാപിതാക്കളും.

സമാനതകൾ ഇല്ലാത്ത ദുരിതത്തിലൂടെയാണ് ടൈപ്പ് വൺ പ്രമേഹ രോഗ ബാധിതരായ കുട്ടികൾ കടന്നുപോകുന്നത്. രോഗ ബാധിതരുടെ സമഗ്ര പരിരക്ഷ ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയ മിഠായി പദ്ധതിയുടെ പ്രവർത്തനം ഇപ്പോൾ ഭാഗികമാണ്. മിഠായി ക്ലിനിക്കുകൾ വഴിയുള്ള സ്ട്രിപ്പ്, ലാൻസന്റ്, നീഡിൽ, ഇൻസുലിൻ എന്നിവയുടെ വിതരണം കൃത്യമായി നടക്കുന്നില്ല. ഇൻസുലിനുകൾ ഇടക്കിടക്ക് മാറുന്നത് രോഗ ബാധിതരായ കുട്ടികളുടെ ശാരീരികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായും മാതാപിതാക്കൾ പറയുന്നു.

നിലവിൽ സാമൂഹ്യ നീതി വകുപ്പിന്റെ ഭാഗമായ മിഠായി പദ്ധതി ആരോഗ്യ വകുപ്പിന്റെ ഭാഗമാക്കുമെന്നും ആരോഗ്യ വകുപ്പിൽ പ്രഥമ പരിഗണന ടൈപ്പ് വൺ പ്രമേഹ രോഗ ബാധിതർക്ക് നൽകുമെന്നുമുള്ള യുഡിഎഫ് മാനിഫെസ്റ്റോയിൽ പ്രതീക്ഷ അർപ്പിക്കുകയാണ് രോഗ ബാധിതരും മാതാപിതാക്കളും. രോഗ ബാധിതരായ വിദ്യാർഥികൾക്ക് സിജിഎം ( continues glucose monitor ) ലഭ്യമാക്കണം എന്ന ആവശ്യവും മാതാപിതാക്കൾ പുതിയ സർക്കാരിന് മുന്നിൽ വയ്ക്കുന്നു.

മിഠായി പദ്ധതി വഴിയുള്ള മരുന്ന് വിതരണം ഭാഗികമായതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രോഗ ബാധിതരുടെ കുടുംബങ്ങൾ കടന്നുപോകുന്നത്. മരുന്ന് വിതരണം പുനഃസ്ഥാപിക്കുക, മിഠായി ക്ലിനിക്കുകളുടെ എണ്ണം വർധിപ്പിക്കുക, മിഠായി ക്ലിനിക്കുകളിൽ ഡോക്ടർമാരുടെ സാന്നിധ്യം ഉറപ്പാക്കുക, വിതരണം ചെയ്യുന്ന നീഡിൽ സ്ട്രിപ്പ് എന്നിവയുടെ എണ്ണം വർധിപ്പിക്കുക എന്നിങ്ങനെ മാതാപിതാക്കൾ മുന്നോട്ടുവച്ച ആവശ്യങ്ങളിൽ അനുഭാവപൂർണമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും എന്ന ഉറച്ച പ്രതീക്ഷയിലാണ് രോഗ ബാധിതരും മാതാപിതാക്കളും.

SCROLL FOR NEXT