എം.കെ. വർഗീസ് Source: News Malayalam 24x7
KERALA

"എന്ത് ഓഫർ നൽകിയാലും സഹകരിക്കില്ല"; തൃശൂരിൽ സ്ഥാനാർഥിയാക്കാൻ നീക്കം നടക്കുന്നതിനിടെ ബിജെപിയെ തള്ളി എം.കെ. വർഗീസ്

ബിജെപിയുമായി താൻ ബന്ധപ്പെടുകയോ തന്നോട് ബന്ധപ്പെടുകയോ ഉണ്ടായിട്ടില്ലെന്ന് എം.കെ. വർഗീസ് പറഞ്ഞു...

Author : ന്യൂസ് ഡെസ്ക്

തൃശൂർ: തൃശൂരിൽ ബിജെപി സ്ഥാനാർഥിയാക്കാൻ നീക്കം നടക്കുന്നതിനിടെ ബിജെപിയെ തള്ളി മുൻ തൃശൂർ മേയർ എം.കെ. വർഗീസ്. ബിജെപി നേതൃത്വം തന്നെ ബന്ധപ്പെട്ടിട്ടില്ല എന്ന് വർഗീസ് വ്യക്തമാക്കി. കോൺഗ്രസിലേക്ക് തിരിച്ച് പോകാനാണ് താത്പര്യമെന്നും എന്ത് ഓഫർ നൽകിയാലും ബിജെപിയുമായി സഹകരിക്കില്ലെന്നും എം.കെ. വർഗീസ് പറഞ്ഞു.

ബിജെപിയുമായി താൻ ബന്ധപ്പെടുകയോ തന്നോട് ബന്ധപ്പെടുകയോ ഉണ്ടായിട്ടില്ലെന്ന് എം.കെ. വർഗീസ് പറഞ്ഞു. ബിജെപി സ്ഥാനാർഥിയായി ഒല്ലൂരിൽ മത്സരിക്കാനില്ല. അഞ്ച് പതിറ്റാണ്ടായി കോൺഗ്രസുകാരൻ ആയിരുന്നു. ചില സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് എൽഡിഎഫുമായി സഹകരിച്ചത്. താൽപര്യം കോൺഗ്രസിലേക്ക് തിരിച്ചു പോകാനാണെന്നും എം.കെ. വർഗീസ് വ്യക്തമാക്കി.

ഒരു അധികാരവും ഇനി ആവശ്യമില്ലെന്നും വർഗീസ് പറഞ്ഞു. പാർലമെൻ്ററി രാഷ്ട്രീയത്തിലേക്ക് തിരിച്ചു പോവില്ല. ഒരു സാധാരണ കോൺഗ്രസുകാരനായി പ്രവർത്തിക്കാനാണ് ആഗ്രഹം. കോൺഗ്രസിൽ സീറ്റ് മോഹിച്ച് നടക്കുന്നവരുമായി ഒരു യുദ്ധത്തിന് തയ്യാറാല്ലെന്നും സംസ്ഥാന തലത്തിൽ നിന്നടക്കം പല കോൺഗ്രസ് നേതാക്കളും ബന്ധപ്പെട്ടിട്ടുണ്ടെന്നും വർഗീസ് പറഞ്ഞു. കോൺഗ്രസിന്റെ ഭാഗത്ത് നിന്നും മടങ്ങിവരാനുള്ള എല്ലാ സംവിധാനങ്ങളും ആയിട്ടുണ്ട്. ഓരോ സ്ഥലങ്ങളിലും മത്സരിക്കാൻ പത്തും ഇരുപതും ആളുകളുണ്ട്, 21ാമൻ ആകാൻ താനില്ലെന്നും വർഗീസ് പറഞ്ഞു.

ബിജെപിയുടെ കൂടെ മത്സരിക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും എം.കെ. വർഗീസ് വ്യക്തമാക്കി. എന്ത് ഓഫർ നൽകിയാലും ബിജെപിയുമായി സഹകരിക്കില്ല. കോൺഗ്രസിൽ ഏത് പോസ്റ്റും തരാൻ അവർ തയ്യാറാണ്. പക്ഷേ അവരുമായി ഒരു നിബന്ധനയും വച്ചിട്ടില്ലന്നും വർഗീസ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT