എറണാകുളം: യൂട്യൂബ് ചാനലിലൂടെ അപകീർത്തി പരാമർശം നടത്തിയെന്ന് ആരോപിച്ച് കെ.എം. ഷാജഹാനെതിരെ പരാതി നൽകി എംഎൽഎമാർ. കൊച്ചി എംഎൽഎ കെ.ജെ. മാക്സി,കോതമംഗലം എംഎൽഎ ആൻ്റണി ജോൺ, കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിൻ എന്നിവരാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയിരിക്കുന്നത്.
2025 സെപ്റ്റംബർ 16ന് 'പ്രതിപക്ഷം' എന്ന യൂട്യൂബ് ചാനലിലൂടെ കെ.എം. ഷാജഹാൻ എറണാകുളം ജില്ലയിലെ നാല് സിപിഐഎം എംഎൽഎമാരെ സംശയ നിഴലിൽ നിർത്തും വിധം ഒരു വീഡിയോ ചെയ്തതായി പരാതിയിൽ പറയുന്നു. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചു.
അതേസമയം സൈബർ അപവാദ പ്രചാരണത്തിൽ സിപിഐഎം നേതാവ് കെ.ജെ. ഷൈനിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. യൂട്യൂബ് ചാനൽ, വെബ് പോർട്ടലുകൾ എന്നിവയെ പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കെ.എം. ഷാജഹാന്റെ 'പ്രതിപക്ഷം' യൂട്യൂബ് ചാനലും പ്രതി പട്ടികയിലുണ്ട്. റൂറൽ സൈബർ പൊലീസ് എസ്എച്ച്ഒ കേസ് അന്വേഷിക്കും.
ഒരു മണിക്കൂറോളം നീണ്ട മൊഴിയെടുപ്പിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള തരംതാണ പരിപാടിയാണിതെന്നായിരുന്നു സൈബർ ആക്രമണത്തിൽ കെ.ജെ. ഷൈനിൻ്റെ പ്രതികരണം. അപവാദപ്രചാരണങ്ങൾ നടക്കുന്നു എന്ന് ആദ്യം അറിയിച്ചത് ഒരു കോൺഗ്രസ് നേതാവ് ആണെന്നും ഷൈൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.