പ്രകൃതി ദുരന്തം അടക്കമുണ്ടാകുന്ന അടിയന്തര ഘട്ടങ്ങളില്‍ വാര്‍ത്താവിനിമയ സംവിധാനം ലഭ്യമാക്കുന്നതിനായി അഞ്ചു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ വാങ്ങിയ ചലിക്കുന്ന ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനം ആരും തിരിഞ്ഞുനോക്കാതെ നാശമായ നിലയില്‍. മൊബൈല്‍ ടവറും ലോറിയും അടക്കം കാടുകയറിയും തുരുമ്പെടുത്തും നശിക്കുകയാണ്. മൂന്നാര്‍ ദേവികുളത്താണ് വഴിയരികിലെ ഈ കാഴ്ച അഞ്ചു വര്‍ഷമായി ഒരെ സ്ഥലത്തു തന്നെ കിടക്കുന്ന ചലിക്കുന്ന മൊബൈല്‍ ടവര്‍ ഭൂരിഭാഗവും നിശ്ചലമായി.
ദേവികുളത്തെ ഇടമലക്കുടി ക്യാംപ് ഓഫിസിന് സമീപമാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനവും മൊബെല്‍ ടവറും ജനറേറ്ററും കാടുകയറിയും തുരുമ്പെടുത്തും കിടന്ന് നശിക്കുന്നത്. 2020 ഓഗസ്റ്റ് 6 നുണ്ടായ പെട്ടിമുടി ദുരന്തം വാര്‍ത്ത വിനിമയ സംവിധാനമില്ലാതിരുന്നതിനാല്‍ പിറ്റേന്നാണ് പുറം ലോകമറിഞ്ഞത്. ഇത്തരം പ്രകൃതി ദുരന്തം അടക്കം ഉണ്ടാകുമ്പോള്‍ വേഗത്തില്‍ സ്ഥലത്തെത്തി ആശയവിനിമയം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോറിയില്‍ ഘടിപ്പിച്ച പുതിയ മൊബൈല്‍ ടവറും, ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സാമഗ്രികളുമായി ചലിക്കുന്ന മൊബൈല്‍ ടവര്‍ എത്തിച്ചത്. പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം എത്തിച്ച സാമഗ്രികളാണ് നാശത്തിന്റെ വക്കിലെത്തിയത്.
ഡിഎഫ്ഒ ഓഫീസിന് സമീപമുള്ള ഇടമലക്കുടി പഞ്ചായത്തിന്റെ ക്യാംപ് ഓഫിസിന്റെ പരിസരത്താണ് അഞ്ചു വര്‍ഷം മുന്‍പ് മൊബെല്‍ ടവര്‍ സംവിധാനമെത്തിച്ചത്. അഞ്ചു വര്‍ഷമായി ഒരെ സ്ഥലത്തു തന്നെ കിടക്കുന്ന ചലിക്കുന്ന മൊബൈല്‍ ടവര്‍ ഭൂരിഭാഗവും നശിച്ച നിലയിലാണ്. പഞ്ചായത്തും ദുരന്തനിവാരണ അതോറിറ്റിയും വേണ്ട ശ്രദ്ധ നല്‍കാതെ പോയതാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന സഞ്ചരിക്കുന്ന ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനം നാശത്തിന്റെ വക്കിലായത്.