KERALA

മോഡി, ഇഡി, വിഡി... കേൾക്കുമ്പോള്‍ രസം തോന്നുന്നു; യാതൊരു എടുത്തുചാട്ടവും നടത്തിയിട്ടില്ല, ആരെയും വേട്ടയാടാനുമില്ല: മുഖ്യമന്ത്രി

അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം നിയമപരമായ ബാധ്യതയാണെന്നും മുഖ്യമന്ത്രി

Author : ന്യൂസ് ഡെസ്ക്

മാസപ്പടി കേസിലെ അന്വേഷണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി കത്തില്‍ സര്‍ക്കാര്‍ യാതൊരുവിധ എടുത്തുചാട്ടവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധിയും നിയമ പരിശോധനയും നടത്തിയാണ് തീരുമാനമെടുത്തത്. മോഡി, ഇഡി, വിഡി എന്ന പേര് കേൾക്കുമ്പോള്‍ രസം തോന്നുന്നു. ആരെയും വേട്ടയാടാനോ, പ്രതികാര ബുദ്ധിയോടെ പെരുമാറാനോ ഉള്ള തീരുമാനമല്ല. ഇഡി നല്‍കുന്ന കത്തില്‍ പൊലീസ് അന്വേഷണം നടത്തിയേ മതിയാകൂ എന്ന് സുപ്രീം കോടതി വിധിയുണ്ട്. അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം നിയമപരമായ ബാധ്യതയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയശേഷമേ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഔദ്യോഗികമായി വിവരം കൈമാറിക്കിട്ടിയാൽ അതിൽ അന്വേഷണം നടത്തുക എന്നത് സർക്കാരിന്റെ നിയമപരമായ ബാധ്യതയാണ്. പിഎംഎൽഎ ആക്ട് 66-2 അനുസരിച്ച് ഇഡി ഡിജിപിക്കാണ് കത്ത് നൽകിയത്. ഡിജിപി ഈ കത്ത് തുടർനടപടിക്കായി ആഭ്യന്തര വകുപ്പിന് കൈമാറി. ആഭ്യന്തര വകുപ്പ് കത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശം തേടി. അതിനുശേഷമാണ് സര്‍ക്കാര്‍ തീരുമാനം.

പിഎംഎൽഎ ആക്ട് 66-2 പ്രകാരം വിവരങ്ങൾ കൈമാറിയാൽ പൊലീസ് അന്വേഷണം നടത്തിയേ മതിയാകൂ എന്ന് സുപ്രീം കോടതിയുടെ വിധിയുണ്ട്. മാത്രമല്ല, അഴിമതി കേസുകളിൽ എഫ്ഐആര്‍ രജിസ്റ്റർ ചെയ്യുന്നതിന് മുൻപായി അന്വേഷണം വേണമെന്നും സുപ്രീം കോടതി വിധിയുണ്ട്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രാഥമിക അന്വേഷണം നടത്തിയിട്ട്, തുടര്‍ നടപടി ആകാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ മുന്നോട്ടുപോകും. അന്വേഷണ വേളയിൽ ബന്ധപ്പെട്ടവർക്ക് തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ വ്യക്തമാക്കാനുള്ള എല്ലാ അവകാശവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളപ്പിറവിക്കു ശേഷമുള്ള 70-ാം വർഷമാണ്. 'ഫെസ്റ്റിവൽ കേരള' എന്ന പേരിൽ വിപുലമായ ആഘോഷ പരിപാടികൾ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോക കേരള സഭ പിരിച്ചു വിട്ട്, ബദൽ കൊണ്ടുവരും. പ്രവാസികൾക്ക് പകരം സംവിധാനം ഒരുക്കും. മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ ആശ്വാസ സഹായം നല്‍കും. റോഡ് അപകടങ്ങൾ കുറയ്ക്കാൻ ക്യാംപെയ്‌ന്‍ തുടങ്ങും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണവും ശക്തമായ നടപടിയും എടുക്കും. വയോജന ക്ഷേമ വകുപ്പിന്റെ പേര് മുതിർന്ന പൗരൻമാർക്കുള്ള വകുപ്പ് എന്നാക്കിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

SCROLL FOR NEXT