KERALA

ഇച്ചാക്ക... സന്തോഷം... അഭിനന്ദനങ്ങൾ; പദ്മഭൂഷൺ പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ

പോസ്റ്റിനൊപ്പം മമ്മൂട്ടിയുടെ ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്‌

Author : ന്യൂസ് ഡെസ്ക്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ ലഭിച്ചതിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് സുഹൃത്തും സഹപ്രവർത്തകനുമായ മോഹൻലാൽ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മോഹൻലാൽ അഭിനന്ദനം അറിയിച്ചത്. മമ്മൂട്ടിയെ 'ഇച്ചാക്കാ...' എന്ന് വിളിച്ചു കൊണ്ടായിരുന്നു മോഹൻലാലിന്റെ പോസ്റ്റ്. മമ്മൂട്ടിയുടെ നേട്ടത്തിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

'ഇച്ചാക്കാ, താങ്കൾക്ക് പദ്മഭൂഷൺ ലഭിച്ചെന്നറിഞ്ഞതിൽ ഏറെ സന്തോഷം തോന്നുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ പ്രഭാവം തുടരട്ടെയെന്ന് ആശംസിക്കുന്നു.', എന്നാണ് മോഹൻലാൽ കുറിച്ചത്. ഒപ്പം മമ്മൂട്ടിയുടെ ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്‌.

തെന്നിന്ത്യൻ താരം കമൽഹാസനും തന്റെ പ്രിയസുഹൃത്തിന് ആശംസകൾ അഖിയിച്ചു. ഇതുവരെ സിനിമയിൽ ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ദൂരെ നിന്ന് പരസ്പരം സ്‌നേഹിക്കുകയും അടുത്തുനിന്ന് വിമർശിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളാണ് തങ്ങളെന്ന് കമൽഹാസൻ എക്‌സിൽ കുറിച്ചു. തന്റെ ആരാധകരെല്ലാവരും മമ്മൂട്ടിയുടേയും ആരാധകരായിരിക്കുമെന്നാണ് ഒരു മമ്മൂട്ടി ആരാധകനെന്ന നിലയിൽ താൻ പ്രതീക്ഷിക്കുന്നതെന്നും കമൽഹാസൻ കുറിച്ചു.

SCROLL FOR NEXT