തിരുവനന്തപുരം: ഇരുവർ അഭിമുഖത്തോടെ സർക്കാരിന് വേണ്ടിയുള്ള വീഡിയോകളിലെ മോഹൻലാൽ പ്രഭാവം തീരുന്നില്ല. ഇന്നിതാ കെഎസ്ആർടിസിയുടെ പരസ്യചിത്രത്തിലും മോഹൻലാൽ എത്തിയിരിക്കുന്നു. മോഹൻലാൽ അഭിനയിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ഒന്നര മിനിറ്റ് ദൈർഘ്യമുള്ള കെഎസ്ആർടിസി പരസ്യചിത്രം മോഹൻലാൽ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള കെഎസ്ആർടിസി ബസിൽ കയറി ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ സ്ക്രീൻ ടെസ്റ്റിനായി ആലപ്പുഴ നവോദയ സ്റ്റുഡിയോയിലേക്ക് പോയ കഥയാണ് മോഹൻലാൽ പരസ്യത്തിൽ പങ്കുവയ്ക്കുന്നത്. ജീവിതത്തിലേക്ക് ഐശ്വര്യത്തിൻ്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടിക്ക് മോഹൻലാൽ പരസ്യത്തിൽ നന്ദി പറയുന്നുണ്ട്. ശുഭയാത്രകൾ സമ്മാനിക്കാൻ മലയാളിക്കൊപ്പം കെഎസ്ആർടിസി എപ്പോഴുമുണ്ടാകട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പരസ്യം അവസാനിപ്പിക്കുന്നത്.
"തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ആ കെഎസ്ആർടിസി ബസിൽ അന്ന് വലതുകാൽ വച്ച് കയറുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല, ആ യാത്ര എൻ്റെ ജീവിതത്തെ മാറ്റിമറിക്കുമെന്ന്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ അഭിനയിക്കാനുള്ള അവസരം തേടി പോവുകയായിരുന്നു ഞാൻ.
യാത്രകളുടെ വിരസത മാറ്റാൻ കൂടെയുള്ള യാത്രക്കാരുടെ അനക്കങ്ങളും ഭാവങ്ങളും ശ്രദ്ധിക്കുക, അവരുടെ മനസിനുള്ളിൽ എന്താവും എന്നൊക്കെ വെറുതെ ചിന്തിക്കുക എന്നൊരു സ്വഭാവം അന്നും എനിക്കുണ്ടായിരുന്നു. ഒരു പക്ഷേ അതായിരിക്കാം ഞാൻ അറിയാതെ പഠിച്ച അഭിനയകലയുടെ ആദ്യപാഠം. ആലപ്പുഴ ബസ് ഡിപ്പോയിൽ ഇറങ്ങി നവോദയ സ്റ്റുഡിയോയിലേക്ക് നടക്കുമ്പോൾ ആ ആനവണ്ടിയും അതിലെ മനുഷ്യരും എനിക്ക് ആശംസ പറയുന്ന പോലെ തോന്നി.
അഭിനയ പരീക്ഷ കഴിഞ്ഞ് ഞാൻ മടങ്ങിയതും പ്രിയപ്പെട്ട ആനവണ്ടിയിൽ തന്നെ. പോയ ഞാനല്ലായിരുന്നു തിരിച്ചുവന്നത്. പിന്നീടുള്ള മോഹൻലാലിന്റെ ജീവിതം എന്നേക്കാൾ നിങ്ങൾക്കറിയാം. എൻ്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിഹ്നം വിളിച്ചെത്തിയ ആനവണ്ടി നിനക്ക് നന്ദി. ഇതുപോലുള്ള ശുഭയാത്രകൾ സമ്മാനിക്കാൻ മലയാളിക്കൊപ്പം കെഎസ്ആർടിസി എന്നെന്നും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു " മോഹൻലാലിന്റെ വാക്കുകൾ.
കെഎസ്ആർടിസി പരസ്യ ചിത്രത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു പൊതുഗതാഗത സംവിധാനത്തിന് വേണ്ടി പരസ്യ ചിത്രം ചെയ്യുന്നത്.