Source: Files
KERALA

"സിനിമയെ വ്യവസായമായി പരിഗണിക്കാനുള്ള നടപടി സ്വാഗതാർഹം"; ബജറ്റിനെ പിന്തുണച്ച് താരങ്ങൾ

ബജറ്റിലെ തീരുമാനം സിനിമാ മേഖലയ്ക്ക് പുത്തനുണർവും വളർച്ചയും പ്രദാനം ചെയ്യുമെന്ന് നടൻ മോഹൻലാൽ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ബജറ്റിൽ സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് നടൻ മോഹൻലാൽ. തീരുമാനം സിനിമാ മേഖലയ്ക്ക് പുത്തനുണർവും വളർച്ചയും പ്രദാനം ചെയ്യും. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ സർക്കാരിനുള്ള പിന്തുണ അറിയിച്ചത്.

മുഖ്യമന്ത്രി വി.ഡി. സതീശനും സിനിമാ-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും അദ്ദേഹം നന്ദി പറഞ്ഞു. മലയാള സിനിമയ്ക്ക് വ്യവസായ പദവി, കൊച്ചിയിൽ ജെ.സി. ഡാനിയൽ ഇൻ്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി ആരംഭിക്കുമെന്നും സലിം കുമാറിൻ്റെ ഓർമയ്ക്കായി കൊച്ചിയിൽ സ്മാരകം നിർമിക്കുമെന്നും പ്രഖ്യാപനമുണ്ട്.

മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

പുതിയ ബജറ്റില്‍, സിനിമ മേഖലയെ കൈപിടിച്ചുയര്‍ത്താന്‍, കള്‍ച്ചറല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ പദ്ധതികള്‍ സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്‌.

സിനിമയെ ഒരു വ്യവസായമായി പരിഗണിക്കാനുള്ള നടപടികളെടുക്കുമെന്ന പ്രഖ്യാപനം ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കും. മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി

മോഹൻലാലിന് പിന്നാലെ നടൻ ടൊവിനോ തോമസ്, പൃഥ്വിരാജ്, രമേശ് പിഷാരടി തുടങ്ങിയവർ സർക്കാരിന് നന്ദി അറിയിച്ച് രംഗത്ത് വന്നു. സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച സർക്കാരിനും മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശനും നന്ദി അറിയിക്കുന്നു. സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം അനുഭാവപൂർവം പരിഗണിച്ചത് ഈ മേഖലയിൽ പണിയെടുക്കുന്ന അനേകായിരം പേർക്കുള്ള അംഗീകാരമായി കാണുന്നുവെന്നും ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു.

ടൊവിനോ തോമസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച സർക്കാരിനും മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശനും നന്ദി അറിയിക്കുന്നു. സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം അനുഭാവപൂർവം പരിഗണിച്ചത് ഈ മേഖലയിൽ പണിയെടുക്കുന്ന അനേകായിരം പേർക്കുള്ള അംഗീകാരമായി കാണുന്നു. ജെ.സി.ഡാനിയേൽ ഫിലിംസിറ്റിയിലൂടെ കേരളം രാജ്യത്തിന്റെ സിനിമാഭൂപടത്തിൽ അടയാളപ്പെടുത്തപ്പെടും എന്നതും വലിയ സന്തോഷം തരുന്ന കാര്യമാണ്. ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു. ഒരിക്കൽക്കൂടി അഭിവാദ്യങ്ങൾ.

പൃഥ്വിരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ശ്രീ.ജെ.സി.ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ വാക്ക് 'സെല്ലുലോയ്ഡി'നെ തൊട്ടുനില്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നല്കുന്നു. ആന്റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുൾപ്പെടെ സിനിമയ്ക്ക് നല്കിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സർക്കാരിനും മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി.

രമേശ് പിഷാരടിയുടെ പോസ്റ്റിൻ്റെ പൂർണരൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി 🫡
സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു.🎥
ബഡ്ജറ്റിനു മുൻപ് സിനിമാ മേഖലയിലെ എല്ലാ സംഘടനകളെയും ഉൾപ്പടുത്തി ഒരു യോഗം ചേരണം എന്ന എന്റെ ആവശ്യം അനുഭാവ പൂർവ്വം കേട്ട് പരിഗണിച്ച ബഹുമാനപെട്ട മന്ത്രിയും സുഹൃത്തുമായ ശ്രീ. പി സി വിഷ്ണുനാഥിനും നന്ദി 🙏
15 ൽ അധികം സംഘടനകളിൽ നിന്നായി 50 ൽ അധികം ചലച്ചിത്ര പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.
എല്ലാവരെയും കേൾക്കുകയും അനുഭാവ പൂർവ്വം പരിഗണിക്കുകയും ചെയ്തു.
യോഗത്തിന്റെ സംഘാടനത്തിന് മുൻകൈ എടുത്ത നിർമാതാവ് ശ്രീ ആന്റോ ജോസഫിനും 💕

എറണാകുളത്ത് നടന്ന സ്വീകരണ യോഗത്തിൽ ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ സർ നടത്തിയ പ്രഖ്യാപനങ്ങളും നിറവേറ്റിയിരിക്കുന്നു 🫡
സലീംകുമാർ
എം ടി വാസുദേവൻ നായർ
ജോൺസൺ മാസ്റ്റർ
എന്നിവരുടെയെല്ലാം പേരുകൾ ബഡ്ജറ്റ് പ്രസംഗത്തിൽ കേട്ടത് കലാകാരൻ എന്ന നിലയിലും
പൊതു പ്രവർത്തകൻ എന്ന നിലയിലും തൃപ്തി തരുന്നു.

SCROLL FOR NEXT