KERALA

മൂലമറ്റം വൈദ്യുതി നിലയത്തിലെ അറ്റകുറ്റപണി: മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് കുറഞ്ഞു; ബാധിക്കുക മൂന്ന് ജില്ലകളെ

ഒരു മാസത്തേക്ക് പകരം സംവിധാനം ഒരുക്കിയില്ലെങ്കില്‍ മൂവാറ്റുപുഴ ആറിനെ ആശ്രയിക്കുന്ന ജലസേചന പദ്ധതികള്‍ പ്രതിസന്ധിയിലാകും.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: മൂലമറ്റം വൈദ്യുതി നിലയം അറ്റകുറ്റ പണികള്‍ക്കായി അടച്ചതോടെ മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. ഒരു മാസത്തേക്ക് പകരം സംവിധാനം ഒരുക്കിയില്ലെങ്കില്‍ മൂവാറ്റുപുഴ ആറിനെ ആശ്രയിക്കുന്ന ജലസേചന പദ്ധതികള്‍ പ്രതിസന്ധിയിലാകും. മൂന്ന് ജില്ലകളെയാണ് ഇത് പ്രതികൂലമായി ബാധിക്കുക.

മൂവാറ്റുപുഴയാറിലേക്ക് ഒഴുക്കാന്‍ മലങ്കര ഡാമില്‍ 10 ദിവസത്തേക്കുള്ള വെള്ളം ശേഖരിച്ചു വച്ച ശേഷമാണ് മൂലമറ്റം വൈദ്യുതി നിലയത്തില്‍ 1 മാസം നീണ്ടു നില്‍ക്കുന്ന അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്. എന്നാല്‍ അറ്റകുറ്റപ്പണികള്‍ക്കായി വൈദ്യുതി ഉല്‍പാദനം നിര്‍ത്തി 2 ദിവസമായപ്പോഴേക്കും മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് 7 അടിയേളം താഴ്ന്നു.

ഇനിയും വെള്ളം എത്താതിരുന്നാല്‍ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് വലിയ തോതില്‍ താഴും. ഇത് എറണാകുളം ജില്ലയിലെ കിഴക്കന്‍ മേഖലകളെയും മൂവാറ്റുപുഴയാറിനെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന ജില്ലയിലെ 27 ഇറിഗേഷന്‍ പദ്ധതികളുടെയും, 16 ശുദ്ധജല പദ്ധതികളുടെയും ബാധിക്കും. മൂലമറ്റം ജലവൈദ്യുതി പദ്ധതിയില്‍ നിന്നും വൈദ്യുതി ഉല്‍പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളമാണ് മൂവാറ്റുപുഴയാറിലേക്ക് ഒഴുകുന്നത്.

മൂവാറ്റുപുഴയാറിലേക്ക് 70 മുതല്‍ 76 ദശലക്ഷം വെള്ളമാണ് സാധാരണയായി മൂലമറ്റത്തു നിന്ന് തൊടുപുഴയാര്‍ വഴി മൂവാറ്റുപുഴയാറിലേക്ക് ഒഴുകുന്നത്. തല്‍ക്കാലം ഭൂതത്താന്‍ കെട്ട് ബറാജ് അടച്ച് ഇവിടെ നിന്നുള്ള വെള്ളം പെരിയാര്‍ വാലി മുളവൂര്‍, കോതമംഗലം കനാലുകള്‍ വഴി മൂവാറ്റുപുഴയിലേക്ക് ഒഴുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂലമറ്റത്ത് നിന്ന് ഒഴുക്കിയിരുന്ന വെള്ളത്തിന്റെ നാലിലൊന്നു വെള്ളം പോലും പെരിയാര്‍ വാലി കനാലുകള്‍ വഴി മൂവാറ്റുപുഴയാറിലേക്ക് എത്തിക്കാന്‍ കഴിയില്ല.

വൈക്കത്തിന്റെയും കടുത്തുരുത്തിയുടെയും ആലപ്പുഴ, ചേര്‍ത്തല മേഖലകളുടെയുമെല്ലാം ശുദ്ധജലം മൂവാറ്റുപുഴയാറില്‍ നിന്നാണ്. ശുദ്ധജല പദ്ധതികളെ മാത്രമല്ല കാര്‍ഷിക മേഖലയായ കിഴക്കന്‍ മേഖലയില്‍ കൃഷിയെയും പുഴയിലെ വെള്ളത്തിന്റെ കുറവ് ബാധിക്കും. മൂലമറ്റം വൈദ്യുതി നിലയത്തിലെ അറ്റകുറ്റപ്പണികള്‍ 11ന് ആണ് ആരംഭിച്ചത്. ഡിസംബര്‍ 10 വരെയാണ് തുടരുക.

SCROLL FOR NEXT