തിരുവനന്തപുരം: ബിജെപി കൗൺസിലർ തിരുമല അനിലിൻ്റെ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാങ്ക് നിക്ഷേപകർക്ക് ആറ് കോടിയോളം രൂപ കൊടുക്കാനുണ്ടെന്നാണ് അനിൽ കുമാറിന്റെ ആത്മഹത്യാക്കുറിപ്പിലുള്ളത്. വായ്പ നൽകിയ 11 കോടിയോളം രൂപ തിരികെ ലഭിക്കാനുണ്ടെന്നും പണം നിക്ഷേപകർക്ക് തിരികെ നൽകണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. താനും കുടുംബവും ഒറ്റപ്പൈസ പോലും എടുത്തിട്ടില്ലെന്നും കുറിപ്പിലുണ്ട്.
അനിലിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കിൽ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് കരമന ജയൻ പറഞ്ഞിരുന്നു. ബിജെപിയെ സംബന്ധിച്ച വലിയ നഷ്ടമാണിത്. ലോൺ അടക്കാത്തവരുടെ യോഗം വിളിച്ച് വേഗത്തിൽ ലോൺ അടയ്ക്കണം എന്ന് നിർദേശം നൽകിയിരുന്നെന്നും കരമന ജയൻ പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് തിരുമല അനിലിനെ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനിലിൻ്റെ ആത്മഹത്യാക്കുറിപ്പിൽ ബിജെപിക്കെതിരെ പരാമർശമുണ്ട്. പ്രതിസന്ധിഘട്ടത്തിൽ പാർട്ടി സംരക്ഷിച്ചില്ലെന്നാണ് അനിലിന്റെ ആത്മഹത്യാക്കുറിപ്പ്. ജീവനൊടുക്കാൻ ശ്രമിക്കുമെന്ന് മുൻപും പല കൗൺസിലർമാരോടും അടുത്ത ആളുകളോടും അനിൽ പറഞ്ഞിരുന്നെന്ന് പൊലീസും വ്യക്തമാക്കി.
ഫാം ടൂർ എന്ന കോർപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വം അനിലിനായിരുന്നു. 15 വർഷത്തിലേറെയായി ഇതിൻ്റെ പ്രസിഡൻ്റ് സ്ഥാനത്താണ് അനിൽ. പതുക്കെ ഈ സഹകരണ സംഘം സാമ്പത്തികമായി തകർന്നുതുടങ്ങി. എടുത്ത ലോൺ തിരിച്ചുകിട്ടാതെയായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പലരും നിക്ഷേപങ്ങൾ പിൻവലിച്ചു. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാതെയായി. റിക്കവറി നേരിടുന്ന സാഹചര്യവുമുണ്ടായി.
ബാങ്കിൻ്റെ തകർച്ച മറികടക്കാൻ കൂടെയുള്ളവർ സഹായിച്ചില്ലെന്നാണ് അനിൽ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ബിജെപി നേതാക്കളോട് ഇക്കാര്യം പലതവണ പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. വിഷയത്തിൽ പാർട്ടിയും സംരക്ഷണം നൽകിയില്ല. ഇതിന്റെ പേരിൽ തൻ്റെ ഭാര്യയെയും മക്കളെയും ആക്രമിക്കരുതെന്നും കുറിപ്പിൽ പറയുന്നു.