രാഹുൽ മാങ്കൂട്ടത്തിൽ Source: News Malayalam 24x7
KERALA

രാഹുൽ കൈവിട്ടതോടെ അതിജീവിത പലതവണ ജീവനൊടുക്കാൻ ശ്രമിച്ചു, ​ഗുരുതരാവസ്ഥയിൽ കഴിഞ്ഞത് ഒരാഴ്ച; മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ആദ്യം ജീവനൊടുക്കാൻ ശ്രമിച്ചത് ഗർഭഛിദ്രത്തിന് നിർബന്ധിച്ചപ്പോഴാണെന്ന് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിൽ അതിജീവിതയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിത പല തവണ ജീവനൊടുക്കാൻ ശ്രമിച്ചതായി മൊഴി. രാഹുലിൻ്റെ കടുത്ത ഭീഷണിക്ക് പിന്നാലെയായിരുന്നു ജീവനൊടുക്കാൻ ശ്രമം. ആദ്യം ജീവനൊടുക്കാൻ ശ്രമിച്ചത് ഗർഭഛിദ്രത്തിന് നിർബന്ധിച്ചപ്പോഴാണെന്ന് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അമിതമായി മരുന്ന് കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതി ഒരാഴ്ചയാണ് ആശുപത്രിയിൽ കഴിഞ്ഞത്. ഒരുതവണ കൈ ഞരമ്പ് മുറിക്കാനും ശ്രമിച്ചു. ഭീഷണിയുെം സമ്മർദവും താങ്ങാനാവതെ വന്നതോടെയാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും പൊലീസിന് നൽകിയ മൊഴിയിൽ.

കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുകയാണ്. പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂര്‍ത്തിയായി. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലിന്റെയും അതിജീവിതയുടെയും തന്നെയാണെന്ന് വ്യക്തമായി. പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. ശബ്ദരേഖയില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഡബ്ബിങ്, എഐ സാധ്യതകള്‍ എസ്‌ഐടി പൂര്‍ണമായും തളളി. ബാക്കിയുളള ശബ്ദരേഖകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും. തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന നടക്കുന്നത്.

അതേസമയം, ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎംഎയെ തിരയാന്‍ കൂടുതല്‍ പേര്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് കൂടുതല്‍ സംഘം രൂപീകരിക്കും. എല്ലാ ജില്ലകളിലും സംഘങ്ങള്‍ രൂപീകരിക്കാന്‍ എഡിജിപി കര്‍ശന നിര്‍ദേശം നല്‍കി. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലാകണം സംഘങ്ങള്‍. സംശയമുളളവരെ ചോദ്യം ചെയ്യാം. സംശയമുളള സ്ഥലങ്ങളില്‍ പരിശോധന നടത്താമെന്നും എഡിജിപിയുടെ നിര്‍ദേശം. ബുധനാഴ്ച്ചയ്ക്ക് മുന്‍പ് അറസ്റ്റുണ്ടാകണമെന്നാണ് നിര്‍ദേശം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT