സ്ത്രീ തിരോധാന കേസുകളിൽ സെബാസ്റ്റ്യന് എതിരെ കൂടുതൽ തെളിവുകൾ Source: News Malayalam 24X7
KERALA

ജെയ്നമ്മ കൊലക്കേസിൽ നിർണായക തെളിവെടുപ്പ്, തലയോട്ടിയെന്ന് സംശയം, അസ്ഥി കഷണങ്ങളും, വസ്ത്രങ്ങളും, കൊന്തയും; സെബാസ്റ്റ്യന് എതിരെ കൂടുതൽ തെളിവുകൾ

വീടിന് ചുറ്റുമുള്ള രണ്ടേകാൽ ഏക്കർ കാടുപിടിച്ച പറമ്പിൽ പരിശോധന. തെളിവെടുപ്പ് സംഘം നിരാശരായില്ല, കത്തിച്ച നിലയിൽ അസ്ഥികളുടെ ഇരുപതോളം ചെറു കഷ്ണങ്ങൾ ലഭിച്ചു.

Author : ന്യൂസ് ഡെസ്ക്

ചേർത്തല: ഏറ്റുമാനൂർ ജെയ്നമ്മ കൊലക്കേസിൽ നിർണായ തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണസംഘം. ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ വീണ്ടും കത്തിച്ച അസ്ഥികഷ്ണങ്ങൾ കണ്ടെത്തി. എന്നാൽ മുറിയ്ക്കുള്ളിൽ പുതുതായി പാകിയ ഗ്രാനൈറ്റ് പൊളിച്ചുള്ള പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.

സെബാസ്റ്റ്യനെ കോട്ടയത്തുനിന്ന് എത്തിക്കുന്നതിന് മുൻപ് തന്നെ, പള്ളിപ്പുറത്തെ വീട്ടിൽ തെളിവെടുപ്പിന് പൊലീസ് സംഘം തയ്യാറായി. മണ്ണ് മാറ്റി പരിശോധിക്കാൻ മണ്ണുമാന്തി യന്ത്രവും, കുളവും കിണറും വറ്റിച്ച് പരിശോധിക്കാൻ മോട്ടോറുകളുമായി ഫയർഫോഴ്സ് സംഘവും എത്തി. എല്ലാ പ്ലാനിങ്ങും കിറുകൃത്യം. 12.45 ഓടെ കോട്ടയം ക്രൈംബ്രാഞ്ച് സംഘം സെബാസ്റ്റ്യനുമായി പള്ളിപ്പുറത്തെ വീട്ടിലേക്ക് തിരിച്ചു.

എത്തിച്ചയുടൻ വീടിനുള്ളിലേക്ക് കയറ്റി തെളിവെടുപ്പ് തുടങ്ങി. തുടക്കം മുതൽ സെബാസ്റ്റ്യൻ നിസ്സഹകരണമായിരുന്നു. ചോദ്യം ചെയ്യലിലും മൗനമായിരുന്നു മറുപടി. സമാന്തരമായി വീടിന് ചുറ്റുമുള്ള രണ്ടേകാൽ ഏക്കർ കാടുപിടിച്ച പറമ്പിൽ പരിശോധന. ആദ്യം കാടുവെട്ടിത്തെളിച്ച് മണ്ണുമാറ്റി നോക്കിയത്, ദിവസങ്ങൾക്കു മുൻപ് അസ്ഥികഷ്ണങ്ങൾ കിട്ടിയ സ്ഥലത്താണ്. തെളിവെടുപ്പ് സംഘം നിരാശരായില്ല, കത്തിച്ച നിലയിൽ അസ്ഥികളുടെ ഇരുപതോളം ചെറു കഷ്ണങ്ങൾ ലഭിച്ചു.

കുളം വറ്റിച്ചുള്ള പരിശോധനയിൽ സ്ത്രീകളുടേതെന്ന് സംശയിക്കുന്ന രണ്ട് വസ്ത്രങ്ങളും ലഭിച്ചു. കെഡാവർ നായ ഒരു കൊന്തയും കണ്ടെത്തി. പറമ്പിലെ കോൺക്രീറ്റിട്ട സ്ഥലം പൊളിച്ചതിനടിയിൽ നിന്ന്, തലയോട്ടിക്ക് സമാനമായ വസ്തുവും ലഭിച്ചു. ലഭിച്ച വസ്തുക്കളെല്ലാം ഫോറൻസിക് സംഘം വിശദമായി പരിശോധിക്കും. ഇന്ന് കണ്ടെടുത്ത അസ്ഥികൾ ആരുടേതാണെന്ന് സ്ഥിരീകരിക്കാനുള്ള ഡിഎൻഎ പരിശോധനയും ഉടൻ നടക്കും.

ഏവരും ഉറ്റുനോക്കിയത് വീടിനകത്തെ മുറിയിൽ പുതുതായി ഗ്രാനൈറ്റ് പാകിയ ഇടമാണ്. ഏറ്റവും അവസാനമാണ് ഗ്രാനൈറ്റ് പൊളിച്ചുള്ള പരിശോധനയിലേക്ക് നീങ്ങിയത്. എന്നാൽ മണ്ണ് മുഴുവൻ മാറ്റിയിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. രാത്രി 7 മണിയോടെ പൂർത്തിയായ സമഗ്രമായ തെളിവെടുപ്പിൽ ഇതിൽകൂടുതൽ അന്വേഷണസംഘം പ്രതീക്ഷിച്ചിരുന്നു. ഇനി കിട്ടിയ തെളിവുകൾ ജെയ്നമ്മ കൊലക്കേസിനോ, അതോ ബിന്ദു പത്മനാഭൻ, ഐഷ തിരോധാന കേസുകളിലേക്കോ വഴികാട്ടുമോയെന്നാണ് കണ്ടറിയേണ്ടത്.

SCROLL FOR NEXT