കോഴിക്കോട്; താമരശേരിയില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസ്സുകാരിയുടെ സഹോദരങ്ങളേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും കടുത്ത പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . രോഗ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മൂന്നുമാസം പ്രായമുള്ള കുട്ടിയുടെ നിലയും ഗുരുതരമായി തുടരുകയാണ്.
വ്യാഴാഴ്ചയാണ് താമരശേരി സ്വദേശിയായ നാലാം ക്ലാസുകാരി അനയ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. പിന്നാലെ പെൺകുട്ടി ഉപയോഗിച്ച വെള്ളത്തിന്‍റെ സാംപിളുകളടക്കം ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു. ഇതിൻ്റെ പരിശോധനാ ഫലം ലഭിക്കാനിരിക്കെയാണ് പെൺകുട്ടിയുടെ രണ്ട് സഹോദരങ്ങളേയും കടുത്ത പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ ഏഴു വയസ്സുകാരനാണ് കൂടുതൽ രോഗ ലക്ഷണങ്ങൾ. നേരത്തേ ഇരുവരുടെയും ശ്രവ സാമ്പിൾ പരിശോധിച്ചിരുന്നെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.
നിലവിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്നുമാസം പ്രായമായ കുഞ്ഞു ഉൾപ്പെടെ രണ്ട് പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. കഴിഞ്ഞ കുറെ ദിവസങ്ങളായി കുഞ്ഞ് വെന്റിലേറ്ററിലാണ്. അന്നശ്ശേരി സ്വദേശിയായ യുവാവാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള മറ്റൊരാൾ. കുട്ടിക്ക് കിണറ്റിലെ വെള്ളത്തിൽനിന്നാണ് രോഗബാധയെന്നാണ് ആരോഗ്യവകുപ്പിൻ്റെ കണ്ടെത്തൽ. കൂടുതൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും, ജനങ്ങൾക്കും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കണം. കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം, വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുനത്.