മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ പേർ പ്രതിപട്ടികയിൽ Source: News Malayalam 24x7
KERALA

മിഥുൻ്റെ മരണം: പ്രതിപട്ടികയിൽ കൂടുതൽ പേർ; പട്ടികയിൽ പ്രധാന അധ്യാപികയും കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയറും

കുറ്റകരമായ അനാസ്ഥയാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് പ്രതി ചേർത്തത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം തേവലക്കരയിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ പേർ പ്രതിപട്ടികയിൽ. പ്രധാന അധ്യാപികയെ കൂടാതെ സ്കൂൾ മാനേജറെയും കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയറെയും കേസിൽ പ്രതികളാക്കി. കുറ്റകരമായ അനാസ്ഥയാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് പ്രതി ചേർത്തത്.

തേവലക്കര സ്ക്കൂളിന് മുന്നിലൂടെ അപകടകരമായ രീതിയിൽ വൈദ്യുതകമ്പികൾ കിടന്നിട്ടും കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ അനാസ്ഥയുണ്ടായെന്ന കണ്ടെത്തലിലാണ് പ്രധാന അധ്യാപികയേയും, സ്കൂൾ മാനേജറേയും, കെഎസ്ഇബി എഞ്ചിനിയറേയും പ്രതിയാക്കിയത്. സുരക്ഷാ ഭീഷണിയുളള രീതിയിൽ വൈദ്യുതി ലൈൻ കടന്നുപോകുന്നത് റിപ്പോർട്ട് ചെയ്യാത്തതിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഭാഗത്ത് ജാഗ്രത കുറവ് ഉണ്ടായെന്ന് തദ്ദേശ വകുപ്പ് ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ട് നൽകിയിരുന്നു.

തദ്ദേശഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ സമർപ്പിച്ച രണ്ടാമത്തെ റിപ്പോർട്ടിലാണ് വീഴ്ച തുറന്ന് സമ്മതിക്കുന്നത്. സ്‌കൂൾ കെട്ടിടത്തിന്റെ ചുവരിനോട് ചേർന്ന് തന്നെയാണ് സൈക്കിൾ ഷെഡ് നിർമ്മിച്ചത്. ഷെഡിന്റെ മേൽക്കൂരക്ക് 88സെന്റീമീറ്റർ മുകളിലൂടെയാണ് ലോ ടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്നത്. സ്ഥല പരിശോധന നടത്തിയപ്പോൾ ദൂരപരിധി പാലിക്കാതെ ലൈൻ കടന്നുപോകുന്നത് റിപ്പോർട്ട് ചെയ്യാത്തതിൽ മൈനാഗപ്പളളി പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടായിയെന്നും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.

SCROLL FOR NEXT