KERALA

ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് ബെംഗളൂരുവിലും കൂടിക്കാഴ്ച നടത്തി; കൂടുതൽ ചിത്രങ്ങൾ പുറത്ത്

പോറ്റിയുടെ സുഹൃത്തുക്കളായ രമേശ് റാവുവും അനന്തസുബ്രമണ്യവും ചിത്രത്തിൽ ഉണ്ട്

Author : ലിൻ്റു ഗീത

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അടൂർ പ്രകാശിന് കുരുക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്. ബെംഗളൂരുവിലും ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്. പോറ്റിയിൽ നിന്നും അടൂർ പ്രകാശ് സമ്മാനങ്ങൾ വാങ്ങിയതിന്റെയും ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. പോറ്റിയുടെ സുഹൃത്തുക്കളായ രമേശ് റാവുവും അനന്തസുബ്രമണ്യവും ചിത്രത്തിൽ ഉണ്ട്. ഷര്‍ട്ടും പാന്റും ധരിച്ചാണ് അടൂര്‍ പ്രകാശ് ചിത്രത്തിലുള്ളത്. എന്നാൽ പുതിയ ചിത്രത്തെക്കുറിച്ചോ, ഏതു പരിപാടിയാണ് ഇതെന്നോ അടൂര്‍ പ്രകാശ് ഇതുവരെ വ്യക്തമായിട്ടില്ല.

സ്വന്തം മണ്ഡലത്തിലുള്ളയാള്‍ എന്ന തരത്തിലുള്ള പരിചയം മാത്രമാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ളത് എന്നായിരുന്നു അടൂര്‍ പ്രകാശ് നേരത്തെ പറഞ്ഞിരുന്നത്. പോറ്റി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ താമസക്കാരനാണെന്നും, അയ്യപ്പ ഭക്തന്‍ എന്ന നിലയില്‍ പരിചയമുണ്ടെന്നുമായിരുന്നു അടൂര്‍ പ്രകാശിൻ്റെ വാ​ദം. അതേസമയം, പോറ്റിയുടെ പുളിമാത്തെ തറവാട്ട് വീട്ടില്‍ അടൂര്‍ പ്രകാശ് എത്തിയിരുന്നുവെന്ന് അയല്‍വാസിയായ വിക്രമന്‍ നായര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പോറ്റിയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും അടൂര്‍ പ്രകാശ് പങ്കെടുത്തിരുന്നു.

സോണിയ ഗാന്ധിയെ കാണാന്‍ പോറ്റി ഡല്‍ഹിയിലെത്തിയപ്പോഴും അടൂര്‍ പ്രകാശ് ഒപ്പമുണ്ടായിരുന്നു. തന്റെ മണ്ഡലത്തിലെ വോട്ടറായതിനാല്‍ സോണിയ ഗാന്ധിയെ കാണാന്‍ പോയപ്പോള്‍ തന്നെയും ഒപ്പം കൂട്ടിയെന്നായിരുന്നു അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് അന്ന് വിശദീകരിച്ചത്. സാമൂഹ്യ സേവന പ്രവര്‍ത്തങ്ങളിലൂടെയാണ് പോറ്റിയെ പരിചയമെന്നും മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കിയിരുന്നു. ഒരു തവണ അടൂര്‍ പ്രകാശും മറ്റൊരിക്കല്‍ ആന്റോ ആന്റണിയുമായിരുന്നു സോണിയ ഗാന്ധിയെ കാണാൻ പോറ്റിക്കൊപ്പമുണ്ടായിരുന്നത്.

SCROLL FOR NEXT