സെന്റ് റീത്താസ് സ്കൂൾ Source; News Malayalam 24X7
KERALA

ശിരോവസ്ത്ര വിവാദം; മാനേജ്മെന്റിന്റെ തീരുമാനം തെറ്റായിപ്പോയി, സെന്റ് റീത്താസ് സ്കൂളിലെ പഠനം അവസാനിപ്പിക്കാൻ കൂടുതൽ വിദ്യാർഥികൾ

വിദ്യാർഥിയുടെ കുടുംബം സമവായ ചർച്ച ആഗ്രഹിക്കുന്നതായും അഭിഭാഷകൻ അമീൻ ഹസൻ വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ സ്കൂളിലെ പഠനം അവസാനിപ്പിക്കാൻ കൂടുതൽ വിദ്യാർഥികൾ. രണ്ട് കുട്ടികൾ കൂടി ടിസിയ്ക്കായി അപേക്ഷ നൽകി. ഔർ ലേഡീസ് കോൺവെന്റ് സ്കൂളിലാണ് വിദ്യാർത്ഥികളെ ചേർക്കുന്നതെന്ന് കുട്ടികളുടെ മാതാവ് ജസ്‌ന ഫിർദോസ് പറഞ്ഞു. എല്ലാ വിശ്വാസങ്ങളെയും ഉൾകൊള്ളുന്നുവെന്നും വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നുവെന്നും കോൺവെന്റ് സ്കൂളിലെ അധ്യാപിക അറിയിച്ചുവെന്നും ജസ്ന പറഞ്ഞു.

അതേ സമയം പള്ളുരുത്തിയിലെ ശിരോവസ്ത്ര വിവാദത്തിൽ എട്ടാം ക്ലാസുകാരിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് കുടുംബം. കോടതി വിധി വരുന്നതുവരെ കാത്തിരിക്കുമെന്ന് കുടുംബത്തിൻ്റെ അഭിഭാഷകൻ അറിയിച്ചു. സെന്റ് റീത്താസ് സ്കൂൾ മാനേജ്മെൻ്റ് നിലപാട് തിരുത്തിയാൽ അവിടെ തന്നെ പഠിപ്പിക്കുമെന്നും, വിദ്യാർഥിയുടെ കുടുംബം സമവായ ചർച്ച ആഗ്രഹിക്കുന്നതായും അഭിഭാഷകൻ അമീൻ ഹസൻ വ്യക്തമാക്കി.

ശിരോവസ്ത്ര വിവാദത്തിന് പിന്നാലെ മാനസികമായി ബുദ്ധിമുട്ട് നേരിട്ടതിനാൽ അതേ സ്കൂളിൽ തുടരാൻ കുട്ടി ആഗ്രഹിക്കുന്നില്ലെന്ന് കുട്ടിയുടെ അച്ഛൻ നേരത്തേ പറഞ്ഞിരുന്നു. സംഭവത്തിൽ മാനേജ്മെന്റ് പക്വതയോടെ പെരുമാറണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചിരുന്നു. വസ്ത്രത്തിൻ്റെ പേരിൽ സംഘർഷം പാടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിൽ വിദ്യാർഥിനി ഹിജാബ് ധരിച്ചെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. എട്ടാം ക്ലാസ് വിദ്യാർഥിനി ഹിജാബ് ധരിച്ച് സ്കൂളിൽ വരണമെന്ന ആവശ്യം ഉന്നയിച്ചു. എന്നാൽ ഹിജാബ് അനുവദിക്കില്ലെന്നും അത് സ്കൂൾ യൂണിഫോമിന്റെ ഭാ​ഗമല്ലെന്നും സ്കൂൾ മാനേജ്മെൻ്റ് മറുപടി നൽകി. പിന്നാലെ ഹിജാബിൻ്റെ പേരിൽ പുറത്തുനിന്നുള്ളവർ സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് മാനേജ്മെൻ്റ് അറിയിച്ചു. സ്കൂളിന് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

SCROLL FOR NEXT