ഡിവൈഎസ്‌പി മധു ബാബു, പരാതിക്കാരി Source: News Malayalam 24x7
KERALA

"കള്ള പെറ്റീഷനെന്ന് പറഞ്ഞ് വലിച്ചെറിഞ്ഞു, ഭർതൃവീട്ടിൽ മകൾ ജീവനൊടുക്കിയ കേസ് ഒതുക്കിതീർത്തു"; ഡിവൈഎസ്‌പി മധു ബാബുവിനെതിരെ വീണ്ടും പരാതി

വിവാഹം കഴിഞ്ഞ് നാലാം മാസം ആസിയ ആലപ്പുഴയിലെ ഭർതൃവീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: ഡിവൈഎസ്‌പി മധു ബാബുവിന് എതിരെ വീണ്ടും പരാതി. മകൾ ആത്മഹത്യ ചെയ്ത കേസ് ഡിവൈഎസ്‌പി ഒതുക്കി തീർത്തെന്നാണ് പരാതി. മകൾ ആസിയ മരിച്ച കേസിലാണ് മലപ്പുറം സ്വദേശിനി സലീന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് നാലാം മാസം ആസിയ ആലപ്പുഴയിലെ ഭർതൃ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. മകളുടെ ഭർത്താവിനെതിരെയുള്ള പരാതി ഡിവൈഎസ്‌പി മധുബാബു വലിച്ചെറിഞ്ഞെന്നും ഗൗരവമായി അന്വേഷിച്ചില്ലെന്നും സലീന ആരോപിക്കുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 25നായിരുന്നു ആസിയ എന്ന 23കാരിയുടെ വിവാഹം. വിവാഹം കഴിഞ്ഞ് നാലാം മാസം ആസിയ തൂങ്ങിമരിച്ചു. ആദ്യഘട്ടത്തിൽ ദുരൂഹതകളില്ലായിരുന്നെങ്കിലും, പിന്നീടാണ് ഭർത്താവിനെതിരെ പരാതിയുമായി അമ്മ സലീന രംഗത്തെത്തിയത്. വിവരങ്ങളെല്ലാം പൊലീസിനെ അറിയിക്കുകയും ചെയ്തു.

പരാതിയുമായി നിരവധി തവണ സലീന എസ്‌പി ഓഫീസിൽ കയറിയറങ്ങി. കേസ് അന്വേഷിക്കാമെന്ന് പറഞ്ഞ് വിട്ടെങ്കിലും പുരോഗതിയൊന്നും ഉണ്ടായില്ല. വീണ്ടും സ്റ്റേഷനിലെത്തിയപ്പോൾ ഡിവൈഎസ്‌പി മധു ബാബു ഇത് കള്ള പെറ്റീഷനാണെന്ന് പറഞ്ഞ് വലിച്ചെറിഞ്ഞെന്നും, കോടതിയിൽ പോകാൻ ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു. മലപ്പുറത്ത് താമസിക്കുന്ന സലീന നീതി തേടി ഇപ്പോഴും ഓഫീസുകൾ കയറിയിറങ്ങുകയാണ്.

അതേസമയം നിരവധി പരാതികളാണ് ഡിവൈഎസ്‍പി മധു ബാബുവിനെതിരെ ഉയരുന്നത്. കോന്നി സിഐ ആയിരുന്ന കാലത്ത് മർദനം ഏറ്റതായി എസ്എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റും കള്ളക്കേസുകളിൽ കുടുക്കിയെന്ന ആരോപണവുമായി അഭിഭാഷകനും രംഗത്തെത്തിയിരുന്നു.

SCROLL FOR NEXT