തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കം. ചെന്നിത്തലയുടെ പിണക്കം മാറ്റാൻ ജോസഫ് വാഴയ്ക്കനെയും, അൻവർ സാദത്തിനെ വി.ഡി. സതീശൻ ചുമതലപ്പെടുത്തി.
മന്ത്രി സ്ഥാനത്തേക്ക് വരണം എന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടശേഷം വി.ഡി. സതീശൻ രമേശ് ചെന്നിത്തലയെ സന്ദർശിക്കും. കേരളത്തിലേക്ക് എത്തുന്ന കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയെ കാണും. ചെന്നിത്തലയുടെ അതൃപ്തിക്ക് പിന്നാലെയാണ് കൂടിക്കാഴ്ച നടത്തുന്നത്. ചെന്നിത്തലയുമായി സംസാരിക്കാൻ ഹൈക്കമാൻഡ് കെ.സിയെ ചുമതലപ്പെടുത്തിയിരുന്നു.
അതേസമയം ചെന്നിത്തല മന്ത്രിസഭയിൽ ചേരുമോ എന്ന കാര്യം തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്ന് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. സതീശനുമായും ചെന്നിത്തലയുമായും ആത്മബന്ധം ഉണ്ട്. ആരുടേയും ദൂതുമായി വന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ രമേശ് ചെന്നിത്തല ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തി. കൂടുതൽ പ്രതികരണത്തിന് ഇല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിമാരെ നിശ്ചയിക്കുക മുഖ്യമന്ത്രിയാണെന്നും, സതീശന് ആശംസ നേരുന്നതായും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്ന് വന്ന പേരുകൾ സതീശൻ്റെയും, രമേശ് ചെന്നിത്തലയുടെയും കെ.സി. വേണുഗോപാലിൻ്റെയും ആയിരുന്നു. അന്തിമ പ്രഖ്യാപനത്തിൽ കെ.സിയെയും, ചെന്നിത്തലയെയും വെട്ടി സതീശന് നറുക്ക് വീഴുകയായിരുന്നു. തൻ്റെ സീനിയോറിറ്റി പരിഗണിച്ചില്ലെന്ന് ചെന്നിത്തല നേതൃത്വത്തെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. പിന്നീട് സ്റ്റാഫുകളോടും പോലും പറയാതെ ചെന്നിത്തല ഗുരുവായൂരിലേക്ക് പോയി.