അക്ഷയ് കൃഷ്ണൻ, പരാതിക്കാരൻ  Source: News Malayalam 24x7
KERALA

IMPACT | ദലിത് യുവാവിനെതിരായ വധശ്രമ കേസ് അട്ടിമറിക്കാൻ നീക്കം: അന്വേഷണ ചുമതല ചാലക്കുടി ഡിവൈഎസ്‌പിക്ക്

കൊടകര പൊലീസിൽ നിന്നും അന്വേഷണ ചുമതല ചാലക്കുടി ഡിവൈഎസ്‌പിക്ക് കൈമാറി കൊണ്ട് ഉത്തരവിറക്കി.

Author : ന്യൂസ് ഡെസ്ക്

തൃശൂരിൽ ദലിത് യുവാവിനെതിരായ വധശ്രമക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന പരാതിയിൽ അന്വേഷണ ചുമതല മാറ്റി. കൊടകര പൊലീസിൽ നിന്നും അന്വേഷണ ചുമതല ചാലക്കുടി ഡിവൈഎസ്‌പിക്ക് കൈമാറി കൊണ്ട് ഉത്തരവിറക്കി. ബിജെപി പ്രാദേശിക നേതാവായ പ്രതിക്കെതിരായ അന്വേഷണമാണ് ഡിവൈഎസ്‌പിക്ക് കൈമാറിയത്.

അക്ഷയ് കൃഷ്ണനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ വധശ്രമ കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന പരാതിയുമായി ഇയാൾ രംഗത്തെത്തിയത്. ന്യൂസ് മലയാളം വാർത്തക്ക് പിന്നാലെ തൃശൂർ റൂറൽ എസ്‌പി ബി. കൃഷ്ണകുമാർ കേസ് ഫയലുകൾ വിളിച്ചുവരുത്തിയിരുന്നു.

കൊടകര ചെറുകുന്ന് സ്വദേശി അക്ഷയ് കൃഷ്ണനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി സിദ്ധൻ ഭായിക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരവും കേസ് എടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇടക്കാല ജാമ്യം നേടിയ പ്രതി സിദ്ധൻ ഭായുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകാനും എസ്‌പി നിർദേശം നൽകി.

കൊലപാതക ശ്രമം ബൈക്ക് അപകടമാക്കി മാറ്റി കേസ് അട്ടിമറിക്കാൻ ഉള്ള നീക്കത്തിനെതിരെ പ്രത്യേക അന്വേഷണം നടക്കും. കൊടകര ശാന്തി ആശുപത്രിക്കെതിരെയും പ്രതിയെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തുമെന്ന് റൂറൽ എസ്‌പി ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഏപ്രിൽ 16 നാണ് കേസിനാസ്പദമായ സംഭവം. തന്നെ വെട്ടിക്കൊലപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാൽ പ്രതിയുടെ ബന്ധുക്കളുടെ ആവശ്യ പ്രകാരം കൊലപാതക ശ്രമം എന്നതുമാറ്റി ബൈക്ക് അപകടമാക്കുകയായിരുന്നു. റിമാൻഡ് റിപ്പോർട്ടിൽ കൊലപാതക ശ്രമം കൃത്യമായി രേഖപ്പെടുത്തിയ പൊലീസ്, തെറ്റായ വൂണ്ട് സർട്ടിഫിക്കറ്റ് നൽകി കോടതികളെ തെറ്റിദ്ധരിപ്പിച്ചുവെന്നും അക്ഷയ് കൃഷ്ണൻ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു.

വെട്ടിയ വാൾ കിട്ടിയെന്ന് പറഞ്ഞായിരുന്നു ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ സ്റ്റേഷനിലെത്തിയതോടെ അക്ഷയ് വീട്ടിൽ ഒളിഞ്ഞുനോക്കിയതിനാലാണ് വിചിത്രവാദമായിരുന്നു പൊലീസ് ഉന്നയിച്ചത്. ഇതിനുപിന്നാലെയാണ് കേസിൽ അട്ടിമറി ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് അക്ഷയ് കൃഷ്ണൻ പരാതി ഉയർത്തിയത്.

SCROLL FOR NEXT