എംഎസ്‌സി എൽസ 3 
KERALA

MSC എൽസ 3 കപ്പൽ അപകടം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

സാമ്പത്തിക പാരിസ്ഥിതിക ആഘാതം പരിഗണിച്ചാണ് ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചിയിലെ കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ദുരന്തനിവാരണ അതോറിറ്റി സാമ്പത്തിക പാരിസ്ഥിതിക ആഘാതം പരിഗണിച്ചാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് എംഎസ്‌സി എൽസ 3 കപ്പൽ കണ്ടെയ്നറുകളുമായി മുങ്ങിയത്.

അതേസമയം, കൊല്ലം ശക്തികുളങ്ങരയിൽ തീരത്ത് അടിഞ്ഞ കണ്ടെയ്നർ നീക്കുന്നതിനിടെ തീപിടിത്തമുണ്ടായി. കണ്ടെയ്നറിലെ തെർമോക്കോളിലാണ് അഗ്നിബാധ ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

ഇക്കഴിഞ്ഞ 24നാണ് കൊച്ചി പുറംകടലിന് സമീപം അറബിക്കടലിൽ കപ്പൽ അപകടത്തിൽപെട്ടത്. അടുത്ത ദിവസം മുങ്ങുകയും ചെയ്തു. 640 കണ്ടെയ്നറുകളാണ് മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്നത്. ഇതില്‍ 13 എണ്ണത്തിൽ ഹാനികരമായ വസ്തുക്കളും 12 എണ്ണത്തിൽ കാൽസ്യം കാർബൈഡും ആയിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിൽ ഒമ്പതോളം കണ്ടെയ്‌നറുകളാണ് കടലിൽ വീണത്. അപകടത്തേ തുടർന്ന്, കടലിൽ ഏതാണ്ട് 3.7 കിലോമീറ്റർ (2 നോട്ടിക്കൽ മൈൽ) വീതിയിലും അത്രത്തോളം നീളത്തിലുമുള്ള പ്രദേശമാകെ എണ്ണപടർന്നതായാണ് റിപ്പോർട്ട്. കപ്പൽ ഉയർത്താൻ കഴിയുമോ ഉപേക്ഷിക്കേണ്ടി വരുമോ തുടങ്ങിയ സാധ്യതകൾ കപ്പൽ കമ്പനിയുടെ നേതൃത്വത്തിൽ പരിശോധിച്ച് വരികയാണ്.

കാർഗോ കേരളാ തീരത്ത് വന്നടിഞ്ഞാൽ അടുത്തേക്ക് പോകുകയോ തൊടുകയോ ചെയ്യരുതെന്നും ജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. 24 പേരെ കപ്പലിൽ നിന്ന് രക്ഷിച്ചിരുന്നു. 20 ഫിലിപ്പൈൻസ് ജീനക്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ജോർജിയ പൗരനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്.

SCROLL FOR NEXT