കോഴിക്കോട്: സംസ്ഥാനത്ത് എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുറത്തുവന്നിട്ടുള്ള എക്സിറ്റ് ഫലത്തിൽ വിശ്വാസമില്ല. പലപ്പോഴും എക്സിറ്റ് പോളുകൾ തെറ്റിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
2021 താൻ ബേപ്പൂരിൽ തോൽക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം പുറത്തുവന്നത്. പക്ഷേ ഫലം വന്നപ്പോൾ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഇത്തവണ എല്ലാ എൽഡിഎഫ് മന്ത്രിമാരും വിജയിക്കും. ന്യൂനപക്ഷവോട്ടുകൾ ഏകീകരിക്കപ്പെട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളത്തിൽ കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് യുഡിഎഫ് അധികാരത്തിലേറുമെന്നാണ് എട്ട് സർവെ ഫലങ്ങളും പറയുന്നത്. യുഡിഎഫിന് നേരിയ ഭൂരിപക്ഷമുണ്ടാകുമെന്നാണ് പ്രവചനം. 70 മുതൽ 80 സീറ്റുകൾ വരെ യു.ഡി.എഫ് നേടുമെന്ന് ഭൂരിപക്ഷം സർവെകളും പ്രവചിക്കമ്പോൾ 60നും 70നും ഇടയിൽ സീറ്റാണ് ഇടതു മുന്നണി നേടുകയെന്നാണ് പ്രവചനം.
ബിജെപി ഇക്കുറി നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നുണ്ട്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ തള്ളുകയാണ് ഇടതു മുന്നണി. നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടര്‍ച്ച ഉറപ്പെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. പുറത്ത് വന്ന 10 എക്സിറ്റ് പോളിൽ അഞ്ചിലും ബിജെപി നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചനമെന്നതും ശ്രദ്ധേയമാണ്.