KERALA

ഹവാല വാര്‍ത്തകള്‍ ശുദ്ധ അസംബന്ധം, നടക്കുന്നത് കള്ളപ്രചാരണം; ഇഡിക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണം: മുഹമ്മദ് റിയാസ്

കേസായാലും നിയമപരമായി തന്നെ കൈകാര്യം ചെയ്യും, ഇക്കാര്യത്തില്‍ 100 ശതമാനം ആത്മവിശ്വാസമുണ്ടെന്നും റിയാസ്

Author : ന്യൂസ് ഡെസ്ക്

സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ കള്ളപ്പണം വെളുപ്പിച്ചതിനും, ഹവാല ഇടപാടിനും തെളിവുകളുണ്ടെന്ന ഇഡി വാദങ്ങളോട് പ്രതികരിച്ച് പി.എ. മുഹമ്മദ് റിയാസ്. വാർത്തകൾ വളരെ ബോധപൂർവം, സമൂഹത്തില്‍ വ്യക്തിപരമായി മോശമാക്കാന്‍ വേണ്ടി പുറത്തുവിടുകയാണ്. പ്രധാനപ്പെട്ട തെളിവുകളായി ഇഡി കാണുന്നുണ്ടെങ്കില്‍, അത് ഇങ്ങനെ പുറത്തുവിടുമോയെന്ന് റിയാസ് ചോദിച്ചു. ഹവാല പണം ആണെന്ന് വീണ സമ്മതിച്ചു എന്ന ഇഡി വാദം ശുദ്ധ അസംബന്ധമാണ്. ഒരു തരത്തിലും തെറ്റ് ചെയ്തിട്ടില്ല. ഇത് നല്ല നിലയിൽ എഴുതിയൊരു തിരക്കഥയാണ്. ദേശീയ തലത്തിൽ ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള അവാർഡ് കൊടുക്കാന്‍ പറ്റുമെങ്കില്‍, ഇത് എഴുതിയ ആൾക്ക് കൊടുക്കണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. കേസായാലും നിയമപരമായി തന്നെ കൈകാര്യം ചെയ്യും. ഇക്കാര്യത്തില്‍ 100 ശതമാനം ആത്മവിശ്വാസമുണ്ട്. ഒരടി പിറകോട്ടു പോകില്ലെന്നും റിയാസ്‍ മാധ്യമങ്ങളോട് പറഞ്ഞു.

വാർത്തകൾ വളരെ ബോധപൂർവം സമൂഹത്തില്‍ വ്യക്തിപരമായി മോശമാക്കാന്‍ വേണ്ടിയുള്ള ശ്രമമാണെന്ന് റിയാസ് പറഞ്ഞു. പ്രധാനപ്പെട്ട തെളിവുകളാണെങ്കില്‍, പ്രധാനപ്പെട്ട തെളിവുകളായി അവര്‍ കാണുന്നുണ്ടെങ്കില്‍ ഇങ്ങനെ അത് പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തിരഞ്ഞെടുത്തു? മെയ് മാസം 27ന് കിട്ടിയെന്ന് പറയപ്പെടുന്ന കുറിപ്പുകളാണ്. ഇന്ന് വിപുലീകൃത സംസ്ഥാന കമ്മിറ്റി പൂര്‍ത്തീകരിച്ച്, ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലി നടക്കുന്നു. ഈ ദിവസം തന്നെ അതിനായി തിരഞ്ഞെടുത്തു.

നേരത്തെ, ഹവാലയുമായി തന്നെ ബന്ധിപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞിരുന്നു. ഇപ്പോൾ പുതിയ കഥ രംഗത്തിറക്കിയിരിക്കുകയാണ്. എന്റെ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചൊരു ഗ്രൂപ്പുണ്ട്. 'നമ്മൾ ബേപ്പൂർ' എന്നാണ് ആ ഗ്രൂപ്പിന്റെ പേര്. ആ ഗ്രൂപ്പ് ഹവാലയ്ക്ക് വേണ്ടിയുള്ള ഗ്രൂപ്പാണ്, അത്തരത്തിലുള്ള കാര്യങ്ങള്‍ അതിലുണ്ട് എന്നാണ് ഇഡി ചോര്‍ത്തിക്കൊടുത്ത വാര്‍ത്തയില്‍ വന്നിട്ടുള്ളത്. ആ ഗ്രൂപ്പില്‍, നിയോജക മണ്ഡലത്തിലെ സമസ്ത മേഖലകളിലെയും ജനങ്ങളുണ്ട്, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുണ്ട്. പുതിയകാലത്ത് ഇതൊക്കെ പരിശോധിക്കാമല്ലോ? അതില്‍ നടന്നിട്ടുള്ള ചാറ്റോ, ഇടപാടോ ഒക്കെ പരിശോധിക്കാവുന്നതാണ്. ആ ഗ്രൂപ്പ് എന്താണെന്നും എന്തിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചതും മനസിലാക്കാന്‍ പറ്റും. അത് കേരളത്തില്‍ ആദ്യമായൊരു എംഎല്‍എ അത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതല്ല. ഒരുവിധം എല്ലാ എംഎല്‍എമാരും കക്ഷി രാഷ്ട്രീയത്തിന് അതീതമായി, വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം ഗ്രൂപ്പുകള്‍ ഉണ്ടാക്കാറുണ്ട്. എല്ലാക്കാര്യങ്ങളും വിശദീകരിച്ച് പറയാനില്ല. ഇതിനെ നിയമപരമായി നേരിടണമല്ലോ. മൈന്യൂട്ട് കാര്യങ്ങള്‍ക്ക് ഇത്തരത്തില്‍ മറുപടി പറയേണ്ടതില്ല എന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. എന്നാല്‍ ചില കാര്യങ്ങളില്‍ മറുപടി പറയാതെ പോകുന്നത് ശരിയാവില്ല എന്ന് തോന്നുന്നതുകൊണ്ടാണ് പറയുന്നത്.

ഹവാല പണം ആണെന്ന് വീണ സമ്മതിച്ചു എന്നാണ് കുറിപ്പുകള്‍ പുറത്തുവിട്ടുകൊണ്ട് ഇഡി പറയുന്നത്. അത് ശുദ്ധ അസംബന്ധമാണ്, കളവാണ്. തെറ്റായ കാര്യമാണ്. ഒരു ഫ്യൂച്ചർ ബിസിനസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എഴുതിയിട്ടുള്ള കാര്യമാണ് അത്. എഴുതിയിരിക്കുന്ന ആളുകളുമായി അക്കാര്യം ചര്‍ച്ച പോലും ചെയ്തിട്ടില്ലെന്ന് മൊഴിയും നല്‍കി. അതും കള്ളപ്പണവും തമ്മില്‍ ഒരു ബന്ധവുമില്ല. കള്ളപ്പണമാണെന്ന് വീണ സമ്മതിച്ചതായി പറയുന്നത്, വളരെ ബോധപൂര്‍വമാണ്. ആ പേരുകളില്‍ ഉള്ളവരുടെ വീടുകളും ഓഫീസുകളുമൊക്കെ റെയ്ഡ് ചെയ്തു. അവരാരും ഇത് കള്ളപ്പണമാണെന്ന് പറഞ്ഞിട്ടില്ല എന്നതും വസ്തുതയാണ്. വീണയ്ക്ക് ഹവാലയുമായി ബന്ധമുണ്ടെന്ന തരത്തില്‍ വ്യാപക പ്രചാരണമാണ് നടക്കുന്നത്. മൂന്ന് തവണ വീണയെ ചോദ്യം ചെയ്തു. ഇതില്‍ എവിടെയും ഹവാലയുമായി ബന്ധപ്പെട്ട് ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല. പിന്നെ ഹവാല ഇടപാട് ഉണ്ടെന്ന് വീണ സമ്മതിച്ചു എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്.

ഇഡിയെപ്പോലെ നിയമസംവിധാനത്തെ തെളിവെന്നു പറഞ്ഞ് പുറത്തേക്കു വിട്ട്, സമൂഹമധ്യേ മോശമാക്കുന്ന ഏറ്റവും വലിയ ശിക്ഷയായി കൈകാര്യം ചെയ്യുന്നതുപോലെ താന്‍ ചെയ്യുന്നില്ല. ഇഡിയെപ്പോലെ നിയമ സംവിധാനത്തെ അപഹസിക്കാനോ, അപമാനിക്കാനോ ഇല്ല. അതിനാല്‍ എല്ലാ കാര്യങ്ങളും പറയുന്നില്ല. ഇന്ത്യയിലെ ഇത്തരം കേസുകള്‍ പരിശോധിച്ചാല്‍, കോൺഗ്രസ് നേതാക്കള്‍ ആകട്ടെ, ബിജെപി ഇതര രാഷ്ട്രീയ നേതാക്കള്‍ ആകട്ടെ, ഇതുപോലെ സമൂഹമധ്യത്തിൽ അപമാനിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, പിന്നീട് ആ കേസുകള്‍ എന്തായെന്ന് പരിശോധിക്കുന്നത് നല്ലതാണ്.

ഒരു തരത്തിലും തെറ്റ് ചെയ്തിട്ടില്ല. ഇത് നല്ല നിലയിൽ എഴുതിയൊരു തിരക്കഥയാണ്. ദേശീയ തലത്തിൽ ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള അവാർഡ് കൊടുക്കാന്‍ പറ്റുമെങ്കില്‍, ഇത് എഴുതിയ ആൾക്ക് കൊടുക്കണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. ബാക്കി കാര്യങ്ങള്‍ നിയമപരമായി കൈകാര്യം ചെയ്യും. ഇഡിയുടെ സ്ഥിരം സ്വഭാവം എല്ലാവര്‍ക്കും അറിയാമല്ലോ. ഇതൊക്കെ ഭാവിയില്‍ മനസ്സിലാകും. ജനങ്ങൾക്കിടയിൽ കരിവാരിത്തേക്കാം എന്നു വെച്ചാൽ അത് വെറും ധാരണയായി കിടക്കും. കേസായാലും നിയമപരമായി തന്നെ കൈകാര്യം ചെയ്യും. ഇക്കാര്യത്തില്‍ 100 ശതമാനം ആത്മവിശ്വാസമുണ്ട്. ഇപ്പോള്‍ നടക്കുന്നതാണ് ശിക്ഷ, അതാണ് നേരത്തെ പറഞ്ഞത്.

ഫ്യൂച്ചര്‍ ബിസിനസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ വീണയുടെ മൊഴിയിലുണ്ട്. ഇത്രയും പുറത്തുവിട്ട സ്ഥിതിക്ക്, വീണ ചോദ്യങ്ങള്‍ക്ക് നല്‍കിയ മൊഴി കൂടി ചോര്‍ത്തിത്തരാന്‍ ഇഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെടണം. മൊഴിയിൽ ഒപ്പിടുന്നത് കുറ്റസമ്മതമല്ല, അതൊരു സ്വഭാവിക നടപടിയാണ്. എന്തെങ്കിലും കാര്യം അഡ്മിറ്റ് ചെയ്യണമെങ്കില്‍, അത് അങ്ങനെ തന്നെ എഴുതി ഒപ്പിടണം. ഇതുമായി ബന്ധപ്പെട്ട് ഒരടി പിറകോട്ട് പോകില്ല. ഇഡി എന്താണെന്ന് എല്ലാവർക്കും അറിയാം. പലരും ഭയപ്പെട്ട് മിണ്ടാതിരിക്കുകയാണ്. മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ടെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT