എറണാകുളം: 414 ദിവസം നീണ്ട മുനമ്പം ഭൂസമരം അവസാനിപ്പിച്ച് ഭൂസംരക്ഷണ സമിതി. മന്ത്രിമാരായ പി. രാജീവും കെ. രാജനും സമരപ്പന്തലിൽ എത്തി. നിരാഹാരം നടത്തുന്നവർക്ക് മന്ത്രി പി. രാജീവ് നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിക്കുന്നത്.
അതേസമയം സമരം തുടരാനുള്ള തീരുമാനത്തിലാണ് ബിജെപി അനുകൂല വിഭാഗം. റവന്യൂ അവകാശങ്ങൾ പൂർണമായും പുനഃസ്ഥാപിക്കുന്നത് വരെ സമരം തുടരാനാണ് നീക്കം. എന്നാൽ വിഷയത്തിൽ ശാശ്വത പരിഹാരം ആവിശ്യപെട്ടാണ് ഇപ്പോൾ ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്. വഖഫ് ആസ്തി രജിസ്റ്ററിൽ നിന്ന് ഭൂമി നീക്കം ചെയ്ത് മുനമ്പം നിവാസികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് വരെ സമരം തുടരാനാണ് വിമത ചേരിയുടെ നീക്കം.
കഴിഞ്ഞ ദിവസം മുനമ്പം നിവാസികൾക്ക് കരമടയ്ക്കാനുള്ള അനുമതി നൽകി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. താൽക്കാലികമായി മുനമ്പം നിവാസികൾക്ക് കരമടയ്ക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.