KERALA

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന്

വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർക്കാണ് മുൻഗണന ലഭിക്കുക.

Author : ന്യൂസ് ഡെസ്ക്

വയനാട്: മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന്. 178 കുടുംബങ്ങളാണ് ആദ്യ ഘട്ട നറുക്കെടുപ്പിൻ്റെ ഭാഗമാകുക. വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർക്കാണ് മുൻഗണന, ലഭിക്കുക. വീടുകളുടെ താക്കോൽ ദാനം ഈ മാസം 25ന് മുഖ്യമന്ത്രി നിർവഹിക്കും.

മന്ത്രി ഒ. ആർ. കേളുവിൻ്റെ നേതൃത്വത്തിൽ മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ആർക്കൊക്കെ ഏതൊക്കെ വീടുകളാണ് നൽക്കേണ്ടത് എന്ന് നറുക്കെടുപ്പിലൂടെ തീരുമാനിക്കും. 178 കുടുംബങ്ങൾക്കുള്ള വീടുകളുടെ ഉദ്ഘാടനം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ വലിയ ആശ്വാസത്തിലാണ് ദുരിതബാധിതർ.

ബാക്കിയുള്ള 149 കുടുംബങ്ങൾക്കുള്ള വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഭാവിയിൽ ഇരുനില നിർമിക്കാൻ കഴിയുന്ന അടിത്തറയോടെയാണ് വീടുകൾ നിർമിച്ചത്. ടൗൺഷിപ്പ് പൂർണമായും യാഥാർഥ്യമാകുന്നതോടെ 1662ലധികം ആളുകൾക്ക് തണലൊരുങ്ങും. വീടുകൾക്കൊപ്പം ആരോഗ്യകേന്ദ്രവും അങ്കണവാടിയും പൊതുമാർക്കറ്റുമൊക്കെ ടൗൺഷിപ്പിലുണ്ട്.

കഴിഞ്ഞവർഷം മാർച്ച് ഇരുപത്തേഴിനായിരുന്നു കൽപ്പറ്റ ബൈപ്പാസിനോട് ചേർന്നുള്ള സ്ഥലത്ത് വീടുകളുടെ തറക്കല്ലിടൽ ചടങ്ങ് നടന്നത്. അടുത്ത മഴക്കാലത്തിന് മുമ്പ് ഭൂമിയും വീടും ഉറപ്പാക്കി പൂർണപുനരധിവാസം സാധ്യമാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയിരുന്നു. ഉറ്റവരും കിടപ്പാടവും നഷ്ടപ്പെട്ടവർക്ക് സുരക്ഷിതവും മാന്യവുമായ പുതിയ ജീവിതം ഉറപ്പ് നൽകുകയാണ് സർക്കാറെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

2024 ജൂലൈ 30നായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. ഉരുൾപൊട്ടലിൽ ഒരു നാട് ഒന്നാകെ ഒലിച്ചുപോയി. നേരം വെളുത്തപ്പോഴെക്കും തങ്ങളുടെ വീടും സ്ഥലവും ഉറ്റവരും നഷ്ടപ്പെട്ട്, ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെട്ട് ആരും ഇല്ലാതെ ഒറ്റപ്പെട്ട് പോയ മനുഷ്യരുടെ ദയനീയാവസ്ഥയാണ് അന്ന് കാണാൻ കഴിഞ്ഞത്. വെള്ളാർമല സ്കൂളും, ആൽമരവും, വളർത്തുജീവികളുമൊക്കെ ഇന്നും മനുഷ്യമനസിൽ നിന്നും മായാത്ത ചിത്രങ്ങളായി നിൽക്കുന്നവയാണ്. ഇതിൽ നിന്നൊക്കെ അതിജീവിനത്തിൻ്റെ പാത തേടിയ 327 കുടുംബങ്ങളിൽ 178 കുടുംബങ്ങളാണ് ഈമാസം ഇരുപത്തഞ്ചിന് ടൗൺഷിപ്പിലെ സ്വന്തം വീട്ടിലേക്ക് താമസം മാറുന്നത്.

SCROLL FOR NEXT