തൃശൂർ: നിരവധി പേരുടെ ജീവനെടുക്കുകയും നിരവധി പേർക്ക് പൊള്ളലേൽക്കുകയും ചെയ്ത മുണ്ടത്തിക്കോട് പടക്കപ്പുരയിലെ സ്ഫോടനത്തിന് മുൻപ് ഈ പടക്ക നിർമാണ ശാലയിൽ നിന്നെടുത്ത ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇൻസ്റ്റഗ്രാം റീലാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അപകടത്തിൽ കത്തിയെരിഞ്ഞ പടക്കപ്പുരയിൽ ഇരുന്ന് പടക്കങ്ങളിൽ വെടിമരുന്ന് നിറയ്ക്കുന്ന ജീവനക്കാരെ ഈ ദൃശ്യങ്ങളിൽ കാണാം.
ഇക്കുറി തിരുവമ്പാടി ദേവസ്വത്തിൻ്റെ വെടിക്കെട്ടിൽ ശബ്ദ ഗാഭീര്യം കുറച്ച് വർണവിസ്മയം തീർക്കാനാണ് ഞങ്ങൾ ഒരുങ്ങുന്നതെന്ന് ജീവനക്കാരനായ വിൽസൺ പറയുന്നതും വീഡിയോയിലുണ്ട്. പടക്കത്തിൻ്റെ ഗുണ്ടുകളിൽ മരുന്ന് നിറച്ച് മാറ്റിവയ്ക്കുന്നത് വീഡിയോയിൽ കാണാം. വേനലിൽ ഉണക്കാൻ വച്ചിരുന്ന പടക്കത്തിൻ്റെ തിരിക്കാണ് ആദ്യം തീപിടിച്ചതെന്നാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിൽസൺ നേരത്തെ ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ഈ വീഡിയോയിലും സംസാരിക്കുന്നത്.
തൃശൂരിലെ അപകടത്തിന് പിന്നാലെ ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമൻ്റുകളുമായി എത്തുന്നത്. കൂടുതലും പ്രാർഥനകളും പരിക്കേറ്റവർ ജീവിതത്തിലേക്ക് എത്രയും വേഗം തിരിച്ചെത്തട്ടെയെന്ന ആത്മാർഥമായ ആശംസകളുമാണ് പോസ്റ്റിന് താഴെ നിറയുന്നത്.
'നവാസ് മീഡിയാസ്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ ആദ്യം വന്നത്. അപകടം നടന്നതിന് പിന്നാലെ ആ മനുഷ്യർക്ക് എങ്ങനെ ഇങ്ങനെ സംഭവിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ഈ അക്കൗണ്ട് ഉടമ കമൻ്റിലെഴുതി.. "ഏതാനും ദിവസങ്ങൾക്ക് മുൻപ് ഞാൻ കണ്ട ആ മുഖങ്ങൾ, ആ ചിരികൾ, അത്രമേൽ കരുതലോടെ മരുന്നൊരുക്കുന്ന ആ കൈകൾ.. എല്ലാം ഇപ്പോഴും കണ്ണിലുണ്ട്. ഓരോ ചുവടും വച്ചിരുന്ന ആ മനുഷ്യർക്ക് എങ്ങനെ ഇങ്ങനെ സംഭവിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഓർമകളിൽ നിറഞ്ഞു നിൽക്കുന്നത് അവരുടെ ആ പുഞ്ചിരിയാണ്... വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാടു കാലത്തെ പരിചയമുള്ളവരെപ്പോലെ അവർ എന്നെ സ്വീകരിച്ചു. ലോകത്ത് ഇത്രയും സ്നേഹമുള്ള മനുഷ്യർ വേറെയുമുണ്ടോ എന്ന് ഞാൻ അത്ഭുതപ്പെട്ട നിമിഷങ്ങൾ. ഒരു ആപത്തും ആർക്കും വരുത്തരുതേ എന്ന് ഓരോ ശ്വാസത്തിലും ഞാൻ പ്രാർത്ഥിക്കുന്നു. നാഥാ, അവരെയെല്ലാം കാത്തുരക്ഷിക്കണേ.. എല്ലാവരും സുരക്ഷിതരായിരിക്കട്ടെ," നവാസ് മീഡിയാസ് പോസ്റ്റിന് താഴെ കുറിച്ചു.
തൃശൂരിലെ വെടിക്കെട്ട് ദുരന്തത്തിൽ നിന്ന് വിൽസൺ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. അദ്ദേഹം ന്യൂസ് മലയാളത്തോടും നടുക്കുന്ന ഓർമകൾ പങ്കുവച്ചിരുന്നു. "അപകടത്തിൽപ്പെട്ടത് എല്ലാവരും മലയാളികളാണ്. പുറമെ നിന്ന് ആരുമില്ല. ഏറ്റവും വലിയ വിഷമം എന്താണെന്ന് വച്ചാൽ നിയമവിരുദ്ധമായ ഒരു കെമിക്കലുകളും ഉപയോഗിച്ചിട്ടില്ല. 99 ശതമാനവും തീ പോലുള്ള വെയില് ചൂടായിട്ട് കളത്തിലെ കരിമരുന്നിൻ്റെ തിരികളിൽ തീപിടിച്ചു കാണണം... എത്ര വേനലായാലും ഈ തിരി വെയിലത്ത് കിടന്ന് ഉണങ്ങണം. തൃശൂർ പൂരത്തിൻ്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങളാണ് കത്തിപ്പോയത്.. ഇനി ഒന്നും ബാക്കിയില്ല," വിൽസൺ നടുക്കത്തോടെ പറഞ്ഞുനിർത്തി.