Source: News Malayalam 24x7
KERALA

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: വീണ്ടും മൃതദേഹാവശിഷ്ടം; പുരുഷൻ്റെ തല കണ്ടെത്തിയത് മുക്കാൽ കിലോമീറ്റർ ദൂരെ നിന്ന്

ദുരന്തമുണ്ടായ സ്ഥലത്ത് നിന്ന് മുക്കാൽ കിലോമീറ്റർ ദൂരെയുള്ള പാടശേഖരത്തിൽ നിന്നാണ് തല കണ്ടെത്തിയത്...

Author : ന്യൂസ് ഡെസ്ക്

തൃശൂർ: വെടിക്കെട്ട് ദുരന്തമുണ്ടായ മുണ്ടത്തിക്കോട് പാടശേഖരത്തിൽ നടത്തിയ തെരച്ചിലിൽ മനുഷ്യന്റെ തല കണ്ടെത്തി. ദുരന്തമുണ്ടായ സ്ഥലത്ത് നിന്ന് മുക്കാൽ കിലോമീറ്റർ ദൂരെയുള്ള പാടശേഖരത്തിൽ നിന്നാണ് പുരുഷന്റെ തല കണ്ടെത്തിയത്. മൃതദേഹവശിഷ്ടം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

കണ്ടെത്തിയ ശരീരഭാഗം കാണാതായ തൃശൂർ കോട്ടപ്പുറം സ്വദേശി ഗിരിയുടേതെന്ന് സംശയം. തിരുവമ്പാടി ദേവസ്വം കമ്മിറ്റി അംഗമാണ് ഗിരി. ഡിഎൻഎ ഫലം കൂടി വന്നാൽ മാത്രമേ മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് തൃശൂർ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ അറിയിച്ചു. നിലവിൽ നാല് പേരുടെ കുടുംബങ്ങളാണ് പരാതിയുമായി എത്തിയത്. ഇവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. എത്ര പേർ ഉണ്ടായിരുന്നു എന്ന് ഡിഎൻഎ ഫലം കൂടി വന്നാൽ മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ. 29 ശരീരം ഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നാണ് Dna അന്തിമ ഫലം വരികയെന്നും തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു.

ഇന്ന് രാവിലെ മുതൽ തന്നെ കഡാവർ നായയുടെ സഹായത്തോടെയും 150ഓളം വരുന്ന പൊലീസുകാർ ചേർന്ന് വിവിധ ഭാഗങ്ങളിലായി തെരച്ചിൽ നടത്തിയിരുന്നു. അപകടം നടന്ന പാടശേഖരത്തിലടക്കം നടത്തിയ തെരച്ചിലിൽ രാവിലെ തന്നെ ചില ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. അപകടം നടന്ന സ്ഥലത്ത് നിന്ന് കുറച്ച് ദൂരേക്ക് വ്യാപിപ്പിച്ച് നടത്തിയ തെരച്ചിലിലാണ് ഇപ്പോൾ തല കണ്ടെത്തിയിരിക്കുന്നത്.

വൈകീട്ടോടെ തെരച്ചിൽ അവസാനിപ്പിക്കാനായിരുന്നു നേരത്തെ പൊലീസ് തീരുമാനമെടുത്തിരുന്നത്. എന്നാൽ, മുക്കാൽ കിലോമീറ്റർ ദൂരെ നിന്ന് വീണ്ടും ശരീരഭാഗം ലഭിച്ചതോടെ അപകടം നടന്ന സ്ഥലത്ത് കൂടുതൽ ദൂരേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് നിലവിലെ തീരുമാനം. കഡാവർ നായയുടെ അടക്കം സഹായത്തോടെയാകും തെരച്ചിൽ തുടരുക.

SCROLL FOR NEXT