മഴ നീങ്ങി വെയിൽ തെളിയുന്ന മൂന്നാറിന്റെ മലനിരകളിൽ വീണ്ടും നീലക്കുറിഞ്ഞികള്‍ പൂവിടുകയാണ്. ഇടുക്കി മൂന്നാർ ഇക്കാനഗറിലെ മലഞ്ചെരിവുകളിലാണ് നീലക്കുറിഞ്ഞി പൂത്തുതുടങ്ങിയത്. മൂന്നാറിന്റെ ഭംഗിക്ക് കൂടുതൽ നിറം പകരുന്ന അപൂർവ കാഴ്ച. ഒരു ചെടിയിൽനിന്നും 12 വർഷത്തിനുശേഷമാണ് പൂക്കള്‍ വിടരുന്നത്.
കാർമേഘം നീങ്ങി മാനം തെളിയുകയാണ്. പച്ച പുതച്ച മൂന്നാർ മലഞ്ചെരിവുകൾക്ക് ഇനി നീലക്കുറിഞ്ഞി പൂക്കാലത്തിന്റെ ഓണക്കാലം കൂടിയാണ്. 12 വർഷം കൂടുമ്പോള്‍ മാത്രം ഒരു ചെടിയിൽനിന്ന് പൂവിടുന്ന നീലക്കുറിഞ്ഞി മൂന്നാർ മലനിരകളിൽ പലയിടങ്ങളിലും പൂത്തു തുടങ്ങി. മൂന്നാർ നല്ലതണ്ണി റോഡ്, ഇക്കാനഗർ, ചൊക്രമുടി തുടങ്ങി വിവിധ മേഖലകളിലെ മലനിരകളിലാണ് നീലക്കുറിഞ്ഞിയുടെ വരവറിയിച്ച് പൂവിരിഞ്ഞു തുടങ്ങിയത്. ചിങ്ങം എത്തുമ്പോൾ മഴ പൂർണമായി മാറി നീലാകാശം തെളിയുമ്പോൾ നീലക്കുറിഞ്ഞിക്ക് നീലിമയേറും. സ്വദേശ വിദേശ സഞ്ചാരികളുടെ പ്രിയ കാഴ്ചയാണ് മൂന്നാറിലെ നീലക്കുറിഞ്ഞി വസന്തം . തദ്ദേശീയരും പൂക്കാലത്തെ വരവേൽക്കാൻ കാത്തിരിക്കുകയാണ് .
പശ്ചിമഘട്ട മലനിരകളിലാണ് സ്ട്രോബിലന്തസ് കുന്തിയാന എന്ന ശാസ്ത്രീയ നാമമുള്ള നീലക്കുറിഞ്ഞികൾ 12 വർഷത്തിൽ ഒരിക്കൽ പൂവിടുന്നത്. നീലക്കുറിഞ്ഞികൾ കൂട്ടമായി പൂത്താൽ വിദൂരക്കാഴ്ചയിൽ തേയിലചെടിയുടെ പച്ചപ്പിന് മുകളിൽ നീലനിറം വിതറിയതുപോലുള്ള കാഴ്ചയാണ്. അടുത്തു കണ്ടാൽ ചെറു പൂക്കൾ ചേർന്ന് കാഴ്ച വിരുന്നൊരുക്കും.
വരും ഓണദിനങ്ങളിൽ മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് മാറ്റുകൂട്ടും ഈ നീലവസന്തം. മഞ്ഞും മലയും തേയിലത്തോട്ടങ്ങളുമാണ് മൂന്നാർ എങ്കിൽ, ഇക്കുറി നീലക്കുറിഞ്ഞിയും സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാകും. ഓർമയുടെ താഴ്വാരത്തേക്ക് എത്തുമ്പോൾ ഒരു വ്യാഴവട്ടം കടന്ന് പൂക്കുന്ന ഓരോ നീലക്കുറിഞ്ഞിക്കും പറഞ്ഞുതരാൻ കഥകൾ ഏറെയാണ്.