മുരാരി ബാബു Source: News Malayalam 24x7
KERALA

"സ്വർണത്തെ ചെമ്പെന്ന് രേഖപ്പെടുത്തിയത് പ്രസിഡൻ്റ് കണ്ടിരുന്നു"; ദേവസ്വം ബോർഡിനെ കുരുക്കി മുരാരി ബാബുവിൻ്റെ മൊഴി

ഗൂഢാലോചനയുടെ ഭാഗമായിട്ടല്ല ചെമ്പ് എന്ന് രേഖപ്പെടുത്തിയതെന്നാണ് വിശദീകരണം

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വെട്ടിലാക്കി ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ മൊഴി. സ്വർണപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തിയ ഉത്തരവ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് വരെ കണ്ടിരുന്നതായി മുരാരി ബാബു എസ്ഐടിക്ക് മൊഴി നൽകി. ഗൂഢാലോചനയുടെ ഭാഗമായിട്ടല്ല ചെമ്പ് എന്ന് രേഖപ്പെടുത്തിയതെന്നാണ് വിശദീകരണം. ദേവസ്വം ഭരണസമിതി അടക്കം ഇത് കണ്ടിട്ടും തിരുത്തിയില്ലെന്നും മുരാരി ബാബുവിൻ്റെ മൊഴിയിൽ പറയുന്നു.

സ്വർണ്ണത്തെ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് ദേവസ്വം പ്രസിഡൻ്റ് പത്മകുമാർ കണ്ടിരുന്നുവെന്ന് മുരാരി ബാബു മൊഴി നൽകി. ദേവസ്വം കമ്മീഷണർ എൻ വാസുവും കണ്ടു. ആരും തിരുത്താതിരുന്നതിനാലാണ് ചെമ്പെന്ന് മഹസറിലും രേഖപ്പെടുത്തിയത്. ഗൂഢാലോചനയുടെ ഭാഗമല്ല ഇതെന്നും മുരാരി ബാബു വെളിപ്പെടുത്തി. ചെമ്പ് പാളിയിലാണ് സ്വർണം പൂശിയത്. കാലപ്പഴക്കത്താൽ പലയിടങ്ങളിലും ചെമ്പ് തെളിഞ്ഞു. അതിനാലാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത്. സ്വർണക്കൊള്ളയെ കുറിച്ച് അറിയില്ലെന്നും മുരാരി ബാബു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുരാരി ബാബുവിനെ റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. സ്വർണക്കൊള്ള കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണ് മുരാരി ബാബു. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണ് പെരുന്നയിലെ വീട്ടിൽ നിന്ന് എസ്‌ഐടി സംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്. സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയ വിവാദ കാലയളവിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു.

സ്വർണക്കൊള്ളയിൽ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ബിജെപി. രാപ്പകൽ സമരവും സെക്രട്ടേറിയേറ്റ് ഉപരോധവും ഇന്നും നാളെയുമായി സംഘടിപ്പിക്കും. ദേവസ്വം മന്ത്രി രാജിവെക്കുക, ബോർഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 24 മണിക്കൂർ നീളുന്ന പ്രതിഷേധ പരിപാടി.

SCROLL FOR NEXT