തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ അഞ്ച് മന്ത്രിസ്ഥാനം ഉറപ്പിച്ച് മുസ്ലീം ലീഗ്. യുഡിഎഫ് മന്ത്രിസഭയിലെ അഞ്ച് മുസ്ലീം ലീഗ് മന്ത്രിമാരിൽ ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർ മന്ത്രിമാരാകും. കോഴിക്കോട് നിന്ന് മന്ത്രി വേണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും പട്ടികയിൽ പാറയ്ക്കൽ അബ്ദുള്ളയ്ക്ക് ഇടംപിടിക്കാനായില്ല. മന്ത്രിമാരുടെ പട്ടിക മുദ്ര വെച്ച കവറിൽ നിയുക്ത മുഖ്യമന്ത്രിക്ക് ഉടൻ കൈമാറും. നാല് മണിയോടെ മണിയോടെ കാര്യങ്ങളെല്ലാം വ്യക്തമാവുമെന്നും വകുപ്പുകൾ ഏതെല്ലാമെന്ന് പിന്നീട് അറിയാമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.
വി.ഡി. സതീശൻ മന്ത്രിസഭയിൽ ആരൊക്കെ ഇടംപിടിക്കുമെന്ന് അൽപ്പസമയത്തിനകം അറിയാം. ഗവർണറെ കണ്ട് മൂന്നരയ്ക്ക് ശേഷം അന്തിമ പട്ടിക കൈമാറും. ധനകാര്യം കൂടാതെ തുറമുഖ വകുപ്പും മുഖ്യമന്ത്രിക്കാണ്. ആഭ്യന്തരവും വിജിലൻസും ചെന്നിത്തലയ്ക്ക് നൽകും. സണ്ണി ജോസഫ് അടക്കം ഏഴ് പേർ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. അതേസമയം, സ്പീക്കർ ആരായേക്കുമെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. വി.ടി. ബൽറാം സ്പീക്കർ ആയേക്കുമെന്നാണ് സൂചന. തിരുവഞ്ചൂർ രാധാകൃഷ്ണന് മന്ത്രിസ്ഥാനം ലഭിച്ചേക്കും.