തൃശൂർ: യുഡിഎഫിലെ ഗുരുവായൂർ സീറ്റ് തർക്കം മൂർച്ഛിക്കുന്നു. സീറ്റിൽ അവകാശവാദം ഉന്നയിച്ച് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് നടത്തിയ പ്രസ്താവനക്കെതിരെ ലീഗ് ജില്ലാ കമ്മറ്റി യോഗത്തിൽ അതിരൂക്ഷ വിമർശനം ഉയർന്നു. യുഡിഎഫിലെ എല്ലാ കക്ഷികളും ഒരുമിച്ച് നിന്ന് മുന്നേറ്റം ഉണ്ടാക്കിയ സമത്ത് ജോസഫ് ടാജറ്റ് നടത്തിയ പ്രതികരണം അനുചിതമെന്ന് ലീഗ് വിലയിരുത്തി.
ഗുരുവായൂർ സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്നാണ് ലീഗ് ജില്ലാ കമ്മിറ്റിയിൽ ഉയർന്ന അഭിപ്രായം. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് പരാതി അറിയിക്കാനും ജില്ലാ കമ്മറ്റിയിൽ തീരുമാനമായി. ഇന്ന് തന്നെ ജില്ലാ നേതാക്കൾ പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ട് പരാതി അറിയിക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിൽ കോൺഗ്രസ് സീറ്റ് വേണമെന്ന ആവശ്യവുമായി തൃശൂർ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് രംഗത്തെത്തിയത്. വ്യക്തിപരമായി ആരെയും മത്സരിപ്പിക്കണമെന്നതല്ല തൻ്റെ ആവശ്യമെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു. ലീഗുമായി ഒരു പ്രശ്നവും ഉണ്ടാകാത്ത രീതിയിൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് പറഞ്ഞെങ്കിലും, തർക്കം പുകയുകയാണ്.
"കെ. മുരളീധരൻ മത്സരത്തിന് എത്തിയാൽ കൂടുതൽ സന്തോഷം. അദ്ദേഹം തൃശൂരുമായി വൈകാരികമായി ബന്ധമുള്ള ആളാണ്. പക്ഷേ ഇതിൻ്റെ പേരിൽ ലീഗുമായി തെറ്റാനോ ശണ്ഠയ്ക്കോ താല്പര്യമില്ല. ജില്ലയിൽ യുഡിഎഫ് സംവിധാനം മുന്നോട്ടുപോകുന്നത് വളരെ നല്ല രീതിയിലാണ്. ലീഗ് ഇപ്പോൾ നടത്തിയിരിക്കുന്ന പ്രതികരണങ്ങൾ സ്വാഭാവികമാണ്. കോൺഗ്രസ് സീറ്റ് വിട്ടുകൊടുക്കുന്നതിനെ കുറിച്ച് ചോദിച്ചാൽ താനും അങ്ങനെയെ പ്രതികരിക്കൂ. ഈ കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനം എടുക്കേണ്ടത് യുഡിഎഫ് സംസ്ഥാന നേതൃത്വമാണ്. ജില്ലാ കോൺഗ്രസ് യുഡിഎഫ് നേതൃത്വത്തിന്റെ മറുപടി പ്രതീക്ഷിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർഥിയെ ഗുരുവായൂരിലേക്ക് സ്വാഗതം ചെയ്യുന്നു", ജോസഫ് ടാജറ്റ് പറഞ്ഞു.
സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് ഉറപ്പിച്ച് മുസ്ലീം ലീഗ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഗുരുവായൂർ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്നും യുഡിഎഫിന്റെ ഭാഗമായി ലീഗ് തന്നെ മത്സരിക്കുമെന്നും ലീഗ് ജില്ലാ പ്രസിഡൻ്റ് സി.എ. മുഹമ്മദ് റഷീദ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇന്ന് ജില്ലാ കമ്മിറ്റി യോഗം ചേരും. മുരളീധരനെ പോലെ ഒരാൾ എവിടെ നിന്നായാലും ജയിക്കും എന്ന കാര്യം ഉറപ്പാണെന്നും സി.എ. മുഹമ്മദ് റഷീദ് ന്യൂസ് മലയാളത്തോട് പറഞ്ഞു.