KERALA

എ.കെ. ബാലൻ പിണറായിയുടെ 'തൊമ്മി', മാറാടിനെപ്പറ്റി പറയുന്നത് മുഖ്യമന്ത്രിയുടെ മരുമകനെ വിജയിപ്പിക്കാൻ; പരിഹസിച്ച് കെ.എം. ഷാജി

ജമാഅത്തെ ഇസ്ലാമിയെ തീവ്രവാദിയാക്കാനാണ് ശ്രമമെന്നും ഷാജി ആരോപിച്ചു

Author : ലിൻ്റു ഗീത

കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന വിവാദ പ്രസ്താവനയിൽ എ.കെ. ബാലനെ പരിഹസിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. എ.കെ. ബാലൻ വിധേയൻ സിനിമയിലെ 'തൊമ്മി'യാണ്. പിണറായി എന്ന ഭാസ്കര പട്ടേലരുടെ കീഴിൽ നിൽക്കുന്ന തൊമ്മി‍. മാറാട് പറയുന്നത് പിണറായിയുടെ മരുമോനെ വിജയിപ്പിക്കാനാണെന്നും അതിനായി ബാലൻ ഏറ്റെടുത്ത അസൈൻമെന്റാണിതെന്നും കെ.എം. ഷാജി പറഞ്ഞു. കേരളത്തിലെ ആഭ്യന്തരമന്ത്രി മുസ്ലീം ആയിക്കൂടെന്നാണ് വളഞ്ഞ വഴിയിലൂടെ എ.കെ. ബാലൻ പറയുന്നത്. ജമാഅത്തെ ഇസ്ലാമിയെ തീവ്രവാദിയാക്കാനാണ് ശ്രമമെന്നും ഷാജി ആരോപിച്ചു.

ബാലന്റേത് പിണറായി കൊടുക്കുന്ന അസൈൻമെന്റാണ്. ജമാഅത്തെ ഇസ്ലാമി തീവ്രവാദികൾ ആണെന്ന് വരുത്തിതീർത്ത് ഇസ്ലാമോഫോബിയ പരത്താൻ ആസൂത്രിത നീക്കം നടക്കുന്നു. പിണറായി കൊടുക്കുന്ന അസൈൻമെന്റുകൾ ഏറ്റെടുക്കുന്ന നേതാവാണ് എ.കെ. ബാലൻ. വേദനിപ്പിക്കുന്ന ഓർമയായ മാറാട് ഇപ്പോൾ പറയുന്നത് ബേപ്പൂരിൽ മരുമകനെ രക്ഷിക്കാൻ വേണ്ടിയാണ്. കാറ്റത്ത് മുണ്ട് പാറി പോകുമ്പോൾ അടിയിലുള്ള കാവി കളസം ഒരുപാട് കണ്ടിട്ടുണ്ട്. ഇപ്പോൾ എ.കെ. ബാലൻ ആ മുണ്ട് തന്നെ അഴിച്ചു തലയിൽ ചുറ്റിയെന്നും ഷാജി ആരോപിച്ചു. കോഴിക്കോട് കോട്ടൂരിൽ നടന്ന ലീഗ് പരിപാടിയിലായിരുന്നു ഷാജിയുടെ പ്രസംഗം.

ബാലൻ പറഞ്ഞത് പച്ച ഇസ്ലാമോഫോബിയയാണ്. ജമാഅത്തെ ഇസ്ലാമിക്ക് ഇതുവരെ ഒരു പഞ്ചായത്ത് പോലും കിട്ടിയിട്ടില്ല. ജമാഅത്തെ എന്ന് പറയുന്നതിലൂടെ ബാലൻ പറയാൻ ഉദ്ദേശിക്കുന്നത് ഒരു മുസ്ലീം ആഭ്യന്തര മന്ത്രി ആകും എന്നതാണ്. ബാലന് അങ്ങനെ ആയിക്കൂടാ. കേരളത്തിലെ എല്ലാവരും ജമാഅത്തെ ഇസ്ലാമിയാണ് എന്നാണ് ബാലൻ പറയുന്നത് എന്നും ഷാജി വിമർശിച്ചു. കഴിഞ്ഞ ദിവസം ബാലൻ നടത്തിയ പത്രസമ്മേളനത്തിനെതിരെയും ഷാജി രംഗത്തെത്തി. ജീവിതത്തിൽ ഒരിക്കലും ലീഗുകാരായ തങ്ങൾ മതം നോക്കി കൂട്ടുകൂടിയിട്ടില്ലെന്നും ബാലന് അങ്ങനെ പറയേണ്ടിവരുന്ന ഗതികേട് ഒരു കമ്മ്യൂണിസ്റ്റിന് ഒരിക്കലും ചേരാത്തതാണ് എന്നും ഷാജി പറഞ്ഞിരുന്നു.

SCROLL FOR NEXT