KERALA

യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന് മുസ്ലീം ലീഗ്

കോർപ്പറേഷൻ ഭരണത്തിൽ പിടിമുറുക്കാൻ കൗൺസിൽ സ്റ്റിയറിങ് കമ്മിറ്റിക്കും ലീഗ് രൂപം നൽകി കഴിഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന് മുസ്ലീം ലീഗ്. കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തീരുമാനങ്ങൾ എടുക്കാൻ പാടുള്ളൂ എന്ന് ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ. കരീം ചേലേരി ആവശ്യപ്പെട്ടു. കോർപ്പറേഷൻ ഭരണത്തിൽ പിടിമുറുക്കാൻ കൗൺസിൽ സ്റ്റിയറിങ് കമ്മിറ്റിക്കും ലീഗ് രൂപം നൽകി കഴിഞ്ഞു.

കോർപ്പറേഷൻ ഭരണത്തിൽ സമ്മർദ്ദ ശക്തിയായി ഇനിയും മാറിയില്ലെങ്കിൽ രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമെന്ന തിരിച്ചറിവിൽ നിന്നാണ് ലീഗിന്റെ നീക്കങ്ങൾ. കോർപ്പറേഷനിലെ ഭരണപരമായ കാര്യങ്ങളിൽ അഭിപ്രായത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും മതിയായ കൂടിയാലോചനകൾ നടക്കുന്നില്ലെന്നുമാണ് ലീഗിന്റെ പരാതി. ഏറ്റവും ഒടുവിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ മേയറുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളെ ലീഗ് നിശിതമായി വിമർശിച്ചിരുന്നു. വിഷയത്തിൽ കോൺഗ്രസിന് ശക്തമായ മുന്നറിയിപ്പും ലീഗ് നേതൃത്വം നൽകി.

കണ്ണൂർ ദസറ നടത്തിപ്പിന്റെ പേരിൽ രണ്ടാഴ്ച വികസന പ്രവർത്തനങ്ങൾക്ക് ശ്രദ്ധ കൊടുത്തില്ല എന്ന പരാതി ലീഗിനുണ്ട്. ട്രാഫിക് റഗുലേറ്ററി കമ്മീഷനിൽ നിന്ന് പൊതുമരാമത്ത്, നാഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരെ മാറ്റി നിർത്തുന്നതിലെ അതൃപ്തിയും തുടരുകയാണ്. ഇത്തരത്തിൽ കൂടുതൽ വിഷയങ്ങൾ ഉണ്ടാകുന്നതോടെയാണ് മുസ്ലീം ലീഗ് നിലപാട് കടുപ്പിക്കുന്നത്. കൂടിയാലോചനകൾ ഇല്ലാതെ മുന്നണിക്ക് കോട്ടമുണ്ടാക്കുന്ന തീരുമാനങ്ങൾ എടുക്കരുതെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി പറഞ്ഞു.

ലീഗിന് വലിയ സ്വാധീനമുള്ള കണ്ണൂർ കോർപ്പറേഷനിൽ ആവശ്യങ്ങൾ നേടിയെടുക്കാൻ പറ്റാത്ത സാഹചര്യം നിലവിലുണ്ടെന്നാണ് പ്രവർത്തകരുടെ ആക്ഷേപം. 2020ൽ മേയർ സ്ഥാനം പങ്കുവെക്കാൻ തീരുമാനം ഉണ്ടായിരുന്നെങ്കിലും രണ്ടര വർഷം കഴിഞ്ഞിട്ടും കോൺഗ്രസിലെ ടി ഒ മോഹനൻ സ്ഥാനം വിട്ടുകൊടുത്തിരുന്നില്ല. പിന്നീട് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് വൈകിയെങ്കിലും ലീഗിന് മേയർ സ്ഥാനം ലഭിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വാരം, വെത്തിലപ്പള്ളി, ആദികടലായി സീറ്റുകൾ ആവശ്യപ്പെട്ട ലീഗിനോട് കോൺഗ്രസ്സ് മുഖം തിരിച്ചു.

SCROLL FOR NEXT