കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ ആക്ഷേപിച്ച് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. മുഖ്യമന്ത്രിയുടേത് തിരുട്ട് ഫാമിലിയെന്നാണ് കെ.എം. ഷാജിയുടെ അധിക്ഷേപം. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമം പോലെയാണ് മുഖ്യമന്ത്രിയുടെ കുടുംബം. മുഖ്യമന്ത്രിയും മകളും മകനും മകന്റെ ഭാര്യ പിതാവും കള്ളന്മാരാണെന്നും കെ.എം. ഷാജി ആരോപിച്ചു.
ശബരിമലയിലെ സ്വർണം കവർന്നത് ഉണ്ണികൃഷ്ണൻ പോറ്റി തനിച്ചല്ല. കൂടുതൽ സ്വർണം കവർന്നിട്ടുണ്ട്. സ്വർണം കടത്തി കടത്തി മുഖ്യമന്ത്രിയും കൂട്ടരും ശബരിമലയിലെ സ്വർണവും കവർന്നെന്നും കെ.എം. ഷാജി പറഞ്ഞു. 2023ൽ ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേകിന് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ സമൻസ് പുറത്തുവന്നിരുന്നു. ഇതിൻ്റെ കൂടി പശ്ചാത്തലത്തിലാണ് ഷാജിയുടെ പരാമർശം.
അതേസമയം, മുഖ്യമന്ത്രിയുടേത് തിരുട്ട് കുടുംബമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയും പറഞ്ഞിരുന്നു. അച്ഛനും മോനും മോളും തട്ടിപ്പാണെന്നും ആ തിരുട്ട് കുടുംബത്തെ രക്ഷിക്കാനാണ് പൊലീസ് ഇറങ്ങിയതെന്നുമാണ് അബിൻ വർക്കിയുടെ പരാമർശം. പൊലീസ് ലാത്തിചാര്‍ജിനിടെ ഷാഫി പറമ്പില്‍ എംപിയ്ക്ക് പരിക്കേറ്റതിൽ പ്രതിഷേധിച്ച് യുഡിഎഫ് പേരാമ്പ്രയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലാണ് അബിൻ വർക്കിയുടെ പരാമർശം.