സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ Source: News Malayalam 24x7
KERALA

"പിണറായി ശാസിച്ചിട്ടില്ല"; നിലമ്പൂരില്‍ അന്‍വർ എല്‍ഡിഎഫ് വോട്ട് പിടിച്ചെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദന്‍

ആർഎസ്എസ് പരാമർശം നിലമ്പൂരിലെ വോട്ട് കുറച്ചില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ അൻവർ ഫാക്ടർ ഉണ്ടായെന്ന് സമ്മതിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് വോട്ടുകളും അൻവർ പിടിച്ചു. ആർഎസ്എസ് പരാമർശം നിലമ്പൂരിലെ വോട്ട് കുറച്ചില്ലെന്നും പിണറായി വിജയന്‍ തന്നെ ശാസിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

സെക്രട്ടേറിയറ്റിൽ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ തനിക്കെതിരെ വിമർശനം ഉന്നയിച്ചുവെന്ന വാർത്തകള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി തള്ളി. പാർട്ടി സെക്രട്ടറിയെ ഒന്നടങ്കം വിമർശിച്ചു, പിണറായി ശാസിച്ചു തുടങ്ങിയ പരമ്പരകളാണ് ഇപ്പോൾ ഇറങ്ങിയിട്ടുള്ളതെന്നും അവ കളവും സത്യവിരുദ്ധവുമാണെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. പാർട്ടിക്കകത്ത് പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാനാണ് ശ്രമിക്കുന്നതെന്ന് എം.വി. ഗോവിന്ദന്‍ ആരോപിച്ചു.

പാർട്ടിക്കത് പുത്തരിയല്ല. സെക്രട്ടറിക്കെതിരായ വിമർശനം പാർട്ടിക്കെതിരെയാണെന്ന് തങ്ങൾക്ക് മുൻപേയറിയാം. സമ്മേളന കാലത്തും വലിയ പ്രചാരണം നടത്തിയിരുന്നു. സമ്മേളനത്തിന്റെ വിജയം അവരുടെ വായ അടപ്പിച്ചു. തനിക്കെതിരെ ഒരു പരാമർശവും പിണറായി വിജയന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എളമരം കരീമും പി.രാജീവും ഒരു പരാമർശവും നടത്തിയിട്ടില്ല. തെറ്റായ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിശകലനം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്തതായും സിപിഐഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായില്ല. അതിൻ്റെ ഭാഗമായി ഒരു വോട്ടും യുഡിഎഫിന് ലഭിച്ചില്ലെന്നും ഇടതുമുന്നണിയുടെ അടിത്തറ പോറലേൽക്കാതെ ശക്തിപ്പെട്ട് നിൽക്കുന്നുവെന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫിന് മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കുറഞ്ഞതായാണ് സിപിഐഎമ്മിന്റെ നിരീക്ഷണം. ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് ലീഗ് വർഗീയ പ്രചാരണം നടത്തി. എസ്‌ഡിപിഐ വോട്ടും യുഡിഎഫിലാണ് വന്ന് ചേർന്നത്. ബിജെപി വോട്ട് യുഡിഎഫിന് നൽകിയെന്ന് സ്ഥാനാർഥി തന്നെ പരസ്യമായി പറഞ്ഞു. ഇത്തരം എല്ലാ വോട്ടുകൾ ചേർന്നിട്ടും യുഡിഎഫ് വോട്ട് കൂടിയില്ല. ഇത് യുഡിഎഫിന്റെ ജനപിന്തുണ കുറഞ്ഞതിന്റെ ലക്ഷണമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സാമൂഹ്യ മണ്ഡലത്തിൽ ഗൗരവമായ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. മതരാഷ്ട്രവാദികളുമായി യുഡിഎഫ് സഖ്യം ചേർന്നു. അവരുടെ മുദ്രാവാക്യങ്ങൾക്ക് അനുസരിച്ച് നിലപാട് സ്വീകരിച്ചു. ഇത് മതനിരപേക്ഷ സമൂഹത്തെ ഗൗരവമായി ബാധിക്കും. ഇത് തിരിച്ചറിഞ്ഞ് ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ മത വിശ്വാസികൾ തന്നെ രംഗത്തിറങ്ങിയെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.

നിലമ്പൂരിലെ രാഷ്ട്രീയ വോട്ട് 40,000ത്തിനടുത്താണെന്നും അത് 66,000ത്തോളമാക്കി വർധിപ്പിക്കാൻ സാധിച്ചുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ പി.വി. അൻവർ തൻ്റേതാക്കി പ്രചരിപ്പിച്ചു. ഇങ്ങനെ വോട്ട് നേടാൻ അൻവറിന് സാധിച്ചു. തെരഞ്ഞെടുപ്പില്‍ അന്‍വർ ഘടകമായിരുന്നു. അന്‍വർ എല്‍ഡിഎഫിന്റെ വോട്ട് പിടിച്ചു. അത് താല്‍ക്കാലികമായി ലഭിച്ച പിന്തുണ മാത്രമാണ്. എം.സ്വരാജിനെ മണ്ഡലം നല്ലപോലെ അംഗീകരിച്ചു. എന്നാൽ ചില ബുദ്ധിജീവികളും യുഡിഎഫും എടുത്തത് വിചിത്ര നിലപാടാണ്. സാംസ്കാരിക കേരളത്തിന് തന്നെ അപമാനമുണ്ടാക്കുന്നത്. ഏത് കേരളത്തെയാണ് ഇവർക്ക് വേണ്ടതെന്നതിൻ്റെ ദൃഷ്ടാന്തമാണത്. സാംസ്കാരിക കേരളം ഇതിനെതിരെ രംഗത്ത് വരണമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു.

വായനയും എഴുത്തും ബുദ്ധിയും എന്തിനാണെന്നാണ് യുഡിഎഫ് നേതാക്കൾ ചോദിച്ചതെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. വന്യജീവി പ്രശ്നം നിലമ്പൂരും അനുഭവിക്കുന്നു. സംസ്ഥാന സർക്കാർ കഴിയാവുന്നത് ചെയ്ത് ജനങ്ങൾക്കൊപ്പം നിൽക്കുന്നുണ്ട്. അൻവറും യുഡിഎഫും ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ശ്രമിച്ചത്. സംഘടനാ ദൗർബല്യങ്ങളിൽ തിരുത്തലുകൾ ഉണ്ടാകണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

SCROLL FOR NEXT