എം വി ഗോവിന്ദൻ -സിപിഐഎം സംസ്ഥാന സെക്രട്ടറി  Source: Facebook/ MV Govindan
KERALA

ചെറിയ പ്രശ്ന‌ങ്ങളെ പർവതീകരിക്കുന്നു, ഹാരിസിൻ്റെ പരാമർശം പ്രതിപക്ഷം ആയുധമാക്കി: എം.വി. ഗോവിന്ദൻ

മെഡിക്കൽ കോളേജുമുള്ള ഒരു സംസ്ഥാനത്ത് പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ ഉന്നയിച്ച ഡോ. ഹാരിസിനെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചെറിയ പ്രശ്നങ്ങളെ പർവതീകരിക്കുകയാണെന്നും വിഷയം ചൂണ്ടിക്കാണിക്കേണ്ടിടത്ത് കാണിക്കണമെന്നും അല്ലെങ്കിൽ വിമർശനം നേരിടേണ്ടിവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.

നൂറുകണക്കിന് ആശുപത്രികളും മെഡിക്കൽ കോളേജുമുള്ള ഒരു സംസ്ഥാനത്ത് പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ഡോക്ടറുടെ പ്രതികരണം പ്രതിപക്ഷത്തിന് ആയുധം നൽകുന്ന പരാമർശമാണ്. ഉന്നത നിലവാരത്തിലുള്ള ആരോഗ്യമേഖലയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഡോ. ഹാരിസിൻ്റേത് വിമർശിക്കേണ്ട നടപടി തന്നെയാണ്. അതിൽ മുഖ്യമന്ത്രി വിമർശിച്ചതിൽ ഒരു തെറ്റുമില്ല. പ്രശ്നങ്ങൾ പറയേണ്ട വേദിയിൽ പറയണമായിരുന്നുവെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ ചുമതലപ്പെടുത്തിയതിന് പിന്നാലെയുണ്ടായ പ്രതികരണങ്ങളിൽ കൺഫ്യൂഷൻ ഇല്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. താൻ പറഞ്ഞതും പി. ജയരാജൻ പറഞ്ഞതും എല്ലാം ഒന്നു തന്നെ. റവാഡ കുറ്റക്കാരനാണോ എന്ന് പറയേണ്ടത് സർക്കാരല്ല. അന്തിമ വിധി കോടതിയുടേതാണ്. കൂത്തുപറമ്പ് വെടിവെപ്പ് കേസിൽ റവാഡയെ കുറ്റവിമുക്തനാക്കിയത് കോടതിയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ടീം യുഡിഎഫ് എന്നൊന്നും ഇല്ല. അവർക്ക് അങ്ങനെയാകാനും പറ്റില്ല. മേജറും ക്യാപ്റ്റനും ഓക്കെ യുഡിഎഫിന് ഉണ്ട്. എന്നാൽ സിപിഐഎമ്മിന് അങ്ങനെ ഒന്നുമില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുമായും ആരോഗ്യ സംവിധാനവുമായും ബന്ധപ്പെട്ട് പൊളിറ്റിക്കല്‍ ഗെയിം നടക്കുന്നുവെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. സര്‍ക്കാര്‍ ആശുപത്രികളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും തകര്‍ക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. ഡോ. ഹാരിസ് ഉയര്‍ത്തിയത് ഒരിടത്തെ പ്രശ്നം മാത്രമാണ്. എന്നാല്‍, എല്ലായിടത്തും പ്രശ്നമാണെന്ന് വരുത്തിത്തീര്‍ക്കുന്ന സമീപനമാണ് ഇപ്പോൾ നടക്കുന്നത്.

ഹാരിസ് രോഗികളുടെ വിഷമങ്ങൾ മനസ്സിലാക്കുന്ന ഡോക്ടറാണ്. ഡോക്ടർ ഹാരിസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചത് സർക്കാരാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും രണ്ടുവർഷം മുമ്പാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. ഡോക്ടർ ഉന്നയിച്ച വിഷയങ്ങളിൽ അന്വേഷണ സമിതി നിയോഗിച്ചിട്ടുണ്ട്.ആരോപണങ്ങളുടെ ഉള്ളടക്കം മുഴുവൻ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT