Source: FB
KERALA

പത്മകുമാറിൻ്റെ അറസ്റ്റിൽ പാർട്ടി പ്രതിരോധത്തിലാകില്ല, തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന നിലപാട് നേരത്തെ പറഞ്ഞത്: എം.വി. ഗോവിന്ദൻ

"അയ്യപ്പൻ്റെ ഒരു തരി സ്വർണവും നഷ്ടപ്പെടാൻ അനുവദിക്കില്ല"

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ അറസ്റ്റിൽ പാർട്ടി പ്രതിരോധത്തിലാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അയ്യപ്പൻ്റെ ഒരു തരി സ്വർണവും നഷ്ടപ്പെടാൻ അനുവദിക്കില്ല. തെറ്റ് ചെയ്തവരെ പാർട്ടി സംരക്ഷിക്കില്ലെന്ന നിലപാട് നേരത്തെ പറഞ്ഞതാണെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു.

അന്വേഷണം ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ്. കുറ്റക്കാരായ ആരെയും അറസ്റ്റ് ചെയ്യാം. ഒരാളെയും സംരക്ഷിക്കില്ല. അറസ്റ്റ് ചെയ്തത് കൊണ്ട് കുറ്റവാളിയാകില്ല, വെറും കുറ്റാരോപിതൻ മാത്രമാണ്. സർക്കാരിൻ്റെ നയമാണ് പത്മകുമാറിൻ്റെ അറസ്റ്റിലൂടെ ഉണ്ടായിരിക്കുന്നത്. നഷ്ടപ്പെട്ട സ്വർണം തിരിച്ച് പിടിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ദേവസ്വം ആസ്ഥാനത്ത് ഇരിക്കുമ്പോൾ ജാഗ്രത ഉണ്ടാകണമായിരുന്നു. പത്മകുമാർ നേരിട്ട് പങ്കെടുത്തു എന്ന് കരുതുന്നില്ല. ജാഗ്രതക്കുറവ് ഉണ്ടായോ എന്ന് പരിശോധിക്കട്ടെ. എന്തായാലും സർക്കാർ കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് വേണം നടപടികൾ. സർക്കാർ നിലപാട് മാതൃകാപരമാണ്. അവശേഷിക്കുന്നവരെയും കേസിൽ അറസ്റ്റ് ചെയ്യുകയും തുടർനടപടികൾ നടത്തുകയും ചെയ്യണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാറിന് അനുകൂലമായി ജനങ്ങൾ വോട്ടു ചെയ്യുമെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. സർക്കാർ തീരുമാനിച്ചിരിക്കുന്നത് സത്യസന്ധമായ നിലപാടാണ്. ഇങ്ങനെ ഒരു സർക്കാരിനെ എവിടെ കാണാൻ കഴിയുമെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.

SCROLL FOR NEXT