KERALA

'പുനർജനി': സതീശന് ക്ലീന്‍ ചിറ്റ് നല്‍കിയത് അസാധാരണം; ഫണ്ട് പിരിച്ചെന്ന് വ്യക്തം, കേസ് അവസാനിപ്പിക്കാൻ തിടുക്കം: എം.വി. ഗോവിന്ദന്‍

ലണ്ടനിൽ വി.ഡി. സതീശൻ ഫണ്ട് അഭ്യർഥിക്കുന്ന വിഡിയോ പ്രദർശിപ്പിച്ചായിരുന്നു വാർത്താ സമ്മേളനം

Author : ന്യൂസ് ഡെസ്ക്

പുനര്‍ജനി പദ്ധതിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ക്ലീന്‍ ചിറ്റ് നല്‍കിയത് അസാധാരണ നടപടിയാണ്. സഹായം തേടി വിദേശത്ത് പോകാൻ മുഖ്യമന്ത്രിക്ക് പോലും അന്ന് അനുമതി നൽകിയില്ല. സതീശൻ ഫണ്ട് അഭ്യർഥിച്ചതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അനുമതി കൂടാതെയാണ് വിദേശത്തു നിന്ന് ഫണ്ട് പിരിച്ചതെന്ന് വ്യക്തമാണെന്നും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ലണ്ടനിൽ വി.ഡി. സതീശൻ ഫണ്ട് അഭ്യർഥിക്കുന്ന വിഡിയോ പ്രദർശിപ്പിച്ചായിരുന്നു വാർത്താ സമ്മേളനം.

ഇംഗ്ലണ്ട് സന്ദര്‍ശനത്തിനിടെ ഓരോരുത്തർ 500 പൗണ്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. എത്ര ഫണ്ട് കിട്ടി എന്നതുള്‍പ്പെടെ ഗൗരവമായി പരിശോധിക്കണം. 25,000 പൗണ്ട് വിവിധ വ്യക്തികളിൽ നിന്ന് സമാഹരിച്ചു. മണപ്പാട് ഫൗണ്ടേഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് സതീശൻ തന്നെ വീഡിയോയിൽ പറയുന്നുണ്ട്. തന്റെ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായതെന്നു പറഞ്ഞാണ് സതീശൻ എഫ്‌സിആര്‍എ ലംഘനം നടത്തിയത്. കേന്ദ്ര ഏജൻസി അന്വേഷിച്ചാലേ കൃത്യമായി കാര്യങ്ങൾ ബോധ്യപ്പെടൂ. എന്നാല്‍ കേസ്‍ അവസാനിപ്പിക്കാന്‍ തിടുക്കമാണെന്നും ഗോവിന്ദന്‍ ആരോപിച്ചു.

വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ് വ്യാപകമായി ഫണ്ട് പിരിവ് നടത്തിയിരുന്നുവെന്നും ഗോവിന്ദ‍ന്‍ ആരോപിച്ചു. കോൺഗ്രസ് പിരിച്ച ഫണ്ട് എത്രയാണെന്ന് വ്യക്തമാക്കണം. ഒരു കല്ലിന് മുകളിൽ മറ്റൊരു കല്ല് ഇതുവരെ ഇട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജിലൻസ് അന്വേഷണത്തിൽ വി.ഡി. സതീശനെതിരെ തെളിവൊന്നും കണ്ടെത്താനായില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. കേസിൽ തുടർനടപടികൾ വേണ്ടെന്ന് ഡയറക്ടർ റിപ്പോർട്ട് നൽകി. സതീശനെതിരായ എല്ലാ നടപടികളും അവസാനിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ വി.ഡി. സതീശന് പങ്കുണ്ടെന്ന് തെളിയിക്കാൻ വിജിലൻസിന് സാധിച്ചില്ല. അഴിമതി നിരോധന വകുപ്പിൽ പറയുന്ന കുറ്റങ്ങൾ ചെയ്തിട്ടില്ലെന്നും തെളിയിക്കപ്പെട്ടു. ഒരു രൂപയുടെ പോലും ഇടപാടുകൾക്ക് വി.ഡി. സതീശൻ ഉണ്ടായിട്ടില്ല. ഫയലുകൾ പഠിച്ചതിനുശേഷമാണ് പറയുന്നത്. അതുകൊണ്ടാണ് ഫയലുകളിൽ തീർപ്പ് കൽപ്പിക്കാൻ നിർദേശിച്ചതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ പ്രേരിതമായിട്ടാണ് കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചത്. ഭരണം മാറിയതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നൽകിയതല്ല. അടിസ്ഥാനരഹിതമായ കാര്യമാണെന്ന് കണ്ടെത്തിയത് കൊണ്ടാണ് തീരുമാനം. പുതിയ സര്‍ക്കാര്‍ വരുന്നതിനു മുൻപ് തന്നെ ഡയറക്ടർ ഇക്കാര്യം പരിശോധിച്ചതിനുശേഷമാണ് ഫയൽ മുന്നിൽ വന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT