എ. പത്മകുമാർ, എം.വി. ഗോവിന്ദൻ 
KERALA

ശബരിമല സ്വർണക്കൊള്ള: "പത്മകുമാർ ഇപ്പോൾ കുറ്റാരോപിതൻ മാത്രം, പാർട്ടി നടപടി കുറ്റക്കാരനെന്ന് വിധി വന്നതിന് ശേഷം"; എം.വി. ഗോവിന്ദൻ

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കേസിലടക്കം ആദ്യം രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എ. പത്മകുമാറിൻ്റെ അറസ്റ്റ് സംബന്ധിച്ച വിഷയം സിപിഐഎം പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നൽകിയ ചുമതലകളിൽ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. അതിനുശേഷം തുടർ നടപടികൾ ഉണ്ടാവും. ആരെയും സംരക്ഷിക്കുന്ന നിലപാട് സിപിഐഎം സ്വീകരിക്കില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

പത്മകുമാർ ഇപ്പോൾ കുറ്റാരോപിതൻ മാത്രമാണെന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ പ്രസ്താവന. അറസ്റ്റ് ചെയ്താൽ കുറ്റവിചാരണ പൂർത്തിയായി എന്നാണോ അർഥം? കോടതിയുടെ മുൻപിൽ കേസ് എത്തിയിട്ടേ ഉള്ളൂ, കുറ്റക്കാരനാണെന്ന് വിധിച്ചിട്ടില്ല. വിധി വരും വരെ എ. പത്മകുമാർ കുറ്റാരോപിതൻ മാത്രമാണ്. പാർട്ടി പരിശോധന വേണ്ട ഘട്ടത്തിൽ പാർട്ടി പരിശോധിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കേസിനെക്കുറിച്ചും എം.വി. ഗോവിന്ദൻ പരാമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കേസിൽ ആദ്യം രാജി ആവശ്യപ്പെട്ടിട്ടില്ല. രാഹുലിനെതിരെ വന്ന വിവരങ്ങൾ നോക്കിയാൽ രാജി വച്ചാൽ മതിയാകില്ല. എല്ലായിടത്തു നിന്നും രാജി ആവശ്യം ഉയർന്നപ്പോഴാണ് രാജി ആവശ്യപ്പെട്ടത്. ഇതേ കണക്ക് എസ്ഐടി അല്ല ആര് അറസ്റ്റ് ചെയ്താലും എ. പത്മകുമാർ കുറ്റാരോപിതൻ മാത്രമാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

SCROLL FOR NEXT