KERALA

വിനോദിനി ആരോപിച്ചയാള്‍ ആരാണ് എന്നറിയില്ല; പാര്‍ട്ടി ആരേയും അവഗണിച്ചിട്ടില്ല: എം.വി. ഗോവിന്ദന്‍

കഴിഞ്ഞ ദിവസം കൂടി കോടിയേരിയുടെ കുടുംബത്തെ കണ്ടതാണ് എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: സിപിഐഎമ്മിൻ്റെ ഉന്നത നേതൃത്വം അവഗണിക്കുന്നെന്ന് കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിയുടെ വിമർശനത്തിന് മറുപടിയുമായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി ആരെയും അവഗണിച്ചിട്ടില്ലെന്നും വിനോദിനിയുടെ ആരോപണം ആർക്കെതിരെ എന്ന് അറിയില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൂടി കോടിയേരിയുടെ കുടുംബത്തെ കണ്ടതാണ് എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

സിപിഐഎം സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരിുതര ആരോപണമായിരുന്നു വിനോദിനി ബാലകൃഷ്ണൻ ഉന്നയിച്ചത്. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗത്തിൽ നിന്ന് വലിയ അവഗണന നേരിട്ടു എന്ന് വിനോദിനി പറഞ്ഞിരുന്നു. കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ല. നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിൻ്റെ സുഖവിവരം അന്വേഷിച്ചില്ലെന്നും വിനോദിനി പറഞ്ഞു. പച്ചക്കുതിര എന്ന മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനോദിനി ഗുരുതര ആരോപണം ഉന്നയിച്ചത്.

"മരണവും സംസ്കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി. നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ നേതൃത്വത്തിൽ നിന്ന് പിന്നെയാരും ബന്ധപ്പെട്ടിട്ടില്ല. നീ ഓക്കേയാണോ ഞങ്ങളൊക്കെളപ്പമുണ്ട് എന്നുപോലും പറഞ്ഞിട്ടില്ല. സാധാരണ പ്രവർത്തകരെക്കുറിച്ചല്ല ഞാൻ പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് ഒന്നു സംസാരിക്കാൻപോലും ആർക്കും തോന്നാത്ത ഒരു കാലമായോ. പാർട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാൻ വിളിച്ചിട്ടും ഫോണെടുത്തില്ല, തിരിച്ചു വിളിച്ചതുമില്ല", വിനോദിനി ബാലകൃഷ്ണൻ്റെ വാക്കുകൾ.

ഞാൻ ഉദ്ദേശിച്ചത് പോളിറ്റ്ബ്യൂറോ അംഗം കൂടിയായ കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെക്കുറിച്ചാണ്. കോടിയേരിയുടെ മരണത്തിനുശേഷം അതിന്റെ ചടങ്ങുകളെല്ലാം കഴിഞ്ഞതിനിപ്പുറം ഈ നാലുവർഷത്തിനിടയിൽ അദ്ദേഹമൊരിക്കലും എന്നെ ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല. ഇക്കാലത്തിനിടയിൽ വല്ലപ്പോഴും ഞാൻ അങ്ങോട്ടു വിളിച്ചാൽ ഫോൺ എടുക്കാറുമില്ലെന്നും വിനോദിനി ബാലകൃഷ്ണൻ തുറന്നുപറഞ്ഞിരുന്നു.

SCROLL FOR NEXT