KERALA

പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വം, ശൈലജയെ ഒതുക്കിയോ? വിവാദങ്ങളിൽ പ്രതികരിച്ച് എം.വി. ഗോവിന്ദൻ | Big Exclusive

നേതാവിൻ്റെ പങ്കാളിയായത് യോഗ്യതയും അയോഗ്യതയും അല്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പി.കെ. ശ്യാമളുടെ സ്ഥാനാർഥിത്വത്തിന് എതിരെ എതിർപ്പുകൾ ഉണ്ടായെന്ന് എം.വി. ഗോവിന്ദൻ സമ്മതിച്ചു. ജില്ലാ കമ്മിറ്റിയിൽ ശ്യാമളയ്ക്ക് എതിരെ എതിർപ്പുണ്ടായി. കണ്ണൂർ സെക്രട്ടേറിയറ്റിൽ നിന്നാണ് ശ്യാമളയുടെ പേര് വന്നത്. ജില്ലാ കമ്മിറ്റി യോഗം ചേർന്നത് ടി.കെ. ഗോവിന്ദൻ്റെ അധ്യക്ഷതയിൽ ആണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ന്യൂസ് മലയാളത്തിൽ ക്രോസ് ഫയർ പ്രോഗാമിലായിരുന്നു എം.വി. ഗോവിന്ദൻ്റെ പ്രതികരണം.

പാർട്ടിയിലെ ഭൂരിപക്ഷ എതിർപ്പിനെ അവഗണിച്ചാണ് ശ്യാമളയെ സ്ഥാനാർഥി ആക്കിയത് എന്ന് ആയിരുന്നു കഴിഞ്ഞ ദിവസം ടി.കെ. ഗോവിന്ദൻ ആരോപിച്ചിരുന്നത്. നേതാവിൻ്റെ പങ്കാളിയായത് സ്ഥാനാർഥി ആകാനുള്ള യോഗ്യതയോ അയോഗ്യതയോ അല്ല. എല്ലാ സ്ഥാനാർഥികളെയും തീരുമാനിച്ചത് ഒരേ മാനദണ്ഡപ്രകാരമാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

കെ.കെ. ശൈലജയെ ഒതുക്കിയെന്ന ആരോപണത്തിനും എം.വി. ഗോവിന്ദൻ മറുപടി നൽകി. കെപിസിസി അധ്യക്ഷൻ്റെ മണ്ഡലത്തിൽ അതിശക്തമായ പോരാട്ടത്തിലൂടെ വിജയിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. സിപിഐഎമ്മിന് ആരെയും ഒതുക്കേണ്ട ആവശ്യമില്ലെന്നും പേരാവൂർ പിടിച്ചെടുക്കേണ്ട മണ്ഡലമാണ് എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഇരിക്കൂർ പോലെയല്ല പേരാവൂർ എന്നും, ഇരിക്കൂർ പിടിച്ചെടുക്കാൻ കുറച്ചുകൂടി ബലത്തിൻ്റെ ആവശ്യമുണ്ടെന്നും എം.വി. ഗോവിന്ദൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

ടി.കെ. ഗോവിന്ദൻ വിഷയം വന്നിട്ടൊന്നും പാർട്ടിക്കാർ തളർന്നിട്ടില്ല. അവസരവാദികൾക്ക് പാർട്ടിയിൽ സ്ഥാനം ഉണ്ടാകില്ലെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു. ടി.കെ. ഗോവിന്ദൻ്റേത് സ്ത്രീവിരുദ്ധ പരാമർശമാണ്. അവസരവാദ നിലപാട് സ്വീകരിക്കുയാണ്. പി.കെ. ശ്യാമളയുടെ പേര് എതിർത്തു എന്നത് വെറുതേ പറയുന്നതാണ്. ശരിയല്ലാത്ത വിശദീകരണമാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് നൽകുന്നതെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

"ഞാൻ അംഗീകരിച്ചത് കൊണ്ടോ എതിർത്തതുകൊണ്ട് സ്ഥാനാർഥി വരുമോ? കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്നാണ് പ്രൊപ്പോസൽ വന്നത്. അത് തന്നെയാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് ചർച്ച ചെയ്തത്. ഈ പ്രക്രിയയിലൂടെയാണ് മുഴുവൻ സ്ഥാനാർഥി നിർണയവും നടത്തിയത്.", എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

പി.കെ. എന്തുകൊണ്ട് നോ പറഞ്ഞില്ല ചോദ്യത്തിന് സ്വതന്ത്ര വ്യക്തിത്വത്തെ അംഗീകരിക്കുന്നതുകൊണ്ട് എന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ മറുപടി. ഞാൻ വിവാഹം കഴിക്കുന്നതിനു മുൻപ് അവർ പാർട്ടി കേഡറായിരുന്നു. അവർ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിക്കുമ്പോഴാണ് വിവാഹം നടന്നത്. അതിനുശേഷം ഒരിക്കലും പിന്നോട്ട് പോവുകയല്ല മുൻപോട്ടു പോവുകയാണ് ഉണ്ടായത്. അപ്പോൾ ഒന്നുമില്ലാത്ത പങ്കാളി പ്രശ്നം ഇപ്പോൾ എങ്ങനെ ഉണ്ടായി എന്നും എം.വി. ഗോവിന്ദൻ ചോദ്യമുന്നയിച്ചു.

പാർട്ടിയിൽ നിന്നും കൂറ് മാറുന്നവർക്ക് പഴയ പോലെ പിന്തുണ കിട്ടില്ല എന്ന കാര്യം ഉറപ്പാണ്. തളിപ്പറമ്പ, പയ്യന്നൂർ, അമ്പലപ്പുഴ, എന്നിവിടങ്ങളിൽ എല്ലാം എൽഡിഎഫ് ജയിക്കും. തളിപ്പറമ്പിൽ വർധിത ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. പരിഗണിക്കുന്നില്ലാ എന്ന് സുധാകരൻ പറഞ്ഞു. തൻ്റെ ചിരി കൊണ്ടാണ് സുധാകരൻ പോയത് എന്നത് ശരിയല്ല. എപ്പോഴാ ചിരിച്ചെന്ന് പോലും ഓർമയില്ലെന്നും വിവാദമുണ്ടായ ശേഷം സുധാകരനെ വിളിച്ച് സംസാരിച്ചപ്പോൾ സുധാകരൻ്റെ ഭാഗത്ത് നിന്ന് പോസറ്റീവ് പ്രതികരണമാണ് ഉണ്ടായതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു

പരിഹരിക്കാൻ കഴിയാത്ത ഒന്നും പാർട്ടിയിൽ ഇല്ല. തെറ്റായ നടപടി എടുക്കുന്നവരെ പാർട്ടിക്ക് ഉൾക്കൊള്ളാൻ പറ്റില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. മത്സരിക്കാനുള്ള ത്വര ഇന്നത്തെ കാലത്ത് കൂടി വരുന്നു എന്നത് യാഥാർഥ്യമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കേഡർമാരെ കേഡർമാരായി കാണണമെന്നും, ബന്ധുത്വം കൊണ്ടല്ല സ്ഥാനാർഥിത്വത്തെ കാണേണ്ടതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

തളിപ്പറമ്പ മണ്ഡലത്തിൽ 2000 കോടിയുടെ വികസനമാണ് നടന്നിട്ടുള്ളത്. 500-ലേറെ പദ്ധതികളും നടന്നിട്ടുണ്ട്. ഒരാളോടും പത്ത് പൈസ ഇതിനായി വാങ്ങിയിട്ടില്ല. അതുകൊണ്ടാണ് ഈ കൈക്ക് ബലമുള്ളത്. ഹാപ്പിനെസ് ഫെസ്റ്റിവലിൽ കക്ഷി രാഷ്ട്രീയമില്ല. ടി.കെ ഗോവിന്ദൻ ആയിരുന്നു അതിൻ്റെ വൈസ് ചെയർമാൻ. ഫെബ്രുവരി 13 മുതൽ 19 വരെ നടന്ന ഹാപ്പിനല് ഫെസ്റ്റിവലിൻ്റെ കണക്ക് മാർച്ച് 10-ന് പൂർണമായും നൽകിയിട്ടുണ്ട്. 10 പൈസയുടെ ഒരു വൗച്ചർ പോലും എൻ്റെ പേരിൽ ഇല്ല. തികച്ചും സുതാര്യമായി നടത്തിയ പരിപാടിയായിരുന്നു അത്. തികച്ചും സമാധാനപരമായി അവസാനിച്ച പരിപാടി കണ്ട് വേടൻ തന്നെ അത്ഭുതപ്പെട്ട് പോയി. സംഘടനാ മികവ് ആണ് അതിൻ്റെ വിജയമെന്നും, വിവിധ തലത്തിൽ പെട്ട ഉദ്യോഗസ്ഥർ സംഘടകരായി ഉണ്ടെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

"രാഷ്ട്രീയമായി ബിജെപിയെ പോലെ തന്നെ യുഡിഎഫിനെയും എതിർക്കേണ്ടി വരുന്നു. അതേസമയം തന്നെ സംഘപരിവാറിനെ ശക്തിയായി എതിർക്കുക എന്നതാണ് നിലപാട്. യുഡിഎഫിൻ്റെ വോട്ട് കുറഞ്ഞപ്പോഴാണ് ബിജെപി ജയിച്ചത്. എവിടെയാണോ കോൺഗ്രസ് വോട്ട് കുറയുന്നത് അവിടെയാണ് ബിജെപിക്ക് മുൻകൈ. കോൺഗ്രസ് വോട്ട് ചെയ്തില്ലെങ്കിൽ കേരളത്തിൽ ഒരിടത്തും ബിജെപി ജയിക്കില്ല", എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

യുഡിഎഫിൽ പടലപിണക്കമാണ് നടക്കുന്നത്. ആത്മവിശ്വാസപ്രകടനമാണ് അവരുടെ സ്ഥാനാർഥി പട്ടിക വൈകാൻ കാരണം. യുഡിഎഫിന് കഴിഞ്ഞ തവണയും ഇതേ ആത്മവിശ്വാസം ഉണ്ടായിരുന്നു. കഴിഞ്ഞവട്ടം മുഖ്യമന്ത്രിയെയും മറ്റ് വകുപ്പ് മന്ത്രിമാരേയും വരെ നിശ്ചയിച്ചിട്ടാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും വി.ഡി. സതീശനും ചേർന്ന് മുഖ്യമന്ത്രിയാകാന്‍ തീരുമാനിച്ചുള്ള തെരഞ്ഞെടുപ്പ് അവർ ഒരിക്കലും വിജയിക്കില്ലെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

തൻ്റെ പ്രവർത്തന ശൈലിയിൽ യാതൊരു കുഴപ്പവും തോന്നിയിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ചിരി ഇല്ലെന്നായിരുന്നു ആദ്യത്തെ പ്രശ്നം.ചിരിക്കാൻ തുടങ്ങിയപ്പോൾ, ഇപ്പോൾ ചിരിക്കുന്നതായി എല്ലാവരുടെയും പ്രശ്നം. തൻ്റെ ശൈലിയിൽ യാതൊരു മാറ്റവും ഉദ്ദേശിക്കുന്നില്ലെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.

മൂന്നാമതും ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമെന്ന് വ്യക്തമായ ധാരണയോടെയാണ് മുന്നോട്ടുപോകുന്നത്. പിണറായി വിജയൻ തന്നെയാണ് ഇടതുപക്ഷത്തിൻ്റെ സ്റ്റാർ ക്യാംപെയ്നർ. അതേസമയം, പ്രതിപക്ഷ നേതാവ് ആരാണ് എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. എൽഡിഎഫിന് വനിത മുഖ്യമന്ത്രി വേണമെന്ന ആവശ്യത്തിലുംഎം.വി.ഗോവിന്ദൻ നിലപാട് പ്രഖ്യാപിച്ചു. പിബിയിൽ നിന്ന് മത്സരിക്കുന്ന ഒരേ ഒരാൾ പിണറായി ആണെന്നും ഈ സാഹചര്യത്തിൽ മറ്റ് ചർച്ചകൾക്ക് പ്രസക്തി ഇല്ലെന്നും എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

SCROLL FOR NEXT