Source: Files
KERALA

"എൽഡിഎഫ് സർക്കാർ ചെയ്തത് വീര്യം കുറഞ്ഞ മദ്യത്തിന് നിർവചനം ഉണ്ടാക്കുക മാത്രം"; സകല വിഷയങ്ങളിലും മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പെന്ന് എം.വി. ഗോവിന്ദൻ

യുഡിഎഫിൽ ചർച്ച ചെയ്യാതെ ബജറ്റിൽ നികുതി നിർദേശം ഉൾപ്പടുത്തിയത് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ഇരട്ടത്താപ്പെന്നും എം.വി. ഗോവിന്ദൻ...

Author : ന്യൂസ് ഡെസ്ക്

ഡൽഹി: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിലും വിൽപ്പനയിലും ഇടത് സർക്കാരിൻ്റെ കാലത്ത് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യ ഉത്പാദനം എൽഡിഎഫ് തീരുമാനിച്ചിരുന്നു. അതുകൊണ്ട് വീര്യം കുറഞ്ഞ മദ്യം എന്താണ് എന്നതിന് നിർവചനമുണ്ടാക്കുക മാത്രമാണ് ചെയ്തത്. എന്നാൽ യുഡിഎഫിൽ ചർച്ച ചെയ്യാതെ ബജറ്റിൽ നികുതി നിർദേശം ഉൾപ്പടുത്തിയത് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ഇരട്ടത്താപ്പാണെന്നും എം.വി. ഗോവിന്ദൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

23/1/2023ന് വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച് ഫയലായിരുന്നെങ്കിലും ഇടതുപക്ഷ മുന്നണി യാതൊരു നിലപാടും സ്വീകരിച്ചില്ലെന്ന് മുൻ എക്സൈസ് മന്ത്രി കൂടിയായിരുന്ന എം.വി. ഗോവിന്ദൻ പറഞ്ഞു. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ പ്രതിപക്ഷം കൂടി ഉൾപ്പെട്ട നിയമസഭാ സബ്കമ്മിറ്റിക്ക് വിട്ടിരുന്നു. വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിനെ സംബന്ധിച്ചോ, വിൽക്കുമ്പോഴുണ്ടാകുന്ന നികുതിയെ സംബന്ധിച്ചോ എൽഡിഎഫ് സർക്കാർ ചർച്ച ചെയ്തിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ഇടപെടുന്ന സകല വിഷയങ്ങളിലും മുഖ്യമന്ത്രി വി.ഡി. സതീശന് ഇരട്ടത്താപ്പാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. മൂലം വള്ളംകളി ദിവസം കുട്ടനാട് എംഎൽഎ പ്രാദേശിക അവധി ആവശ്യപ്പെട്ടപ്പോൾ പരിശോധിക്കാം എന്ന് മറുപടി നൽകി ഇരുന്നതിന് ശേഷം അനുവദിക്കില്ല എന്ന് പറഞ്ഞു. കരിമണൽ ഖനനം സ്വകാര്യവത്കരിക്കും എന്ന് പരസ്യമായി പറഞ്ഞ ശേഷം അനുവദിക്കില്ല എന്ന് സഭയിൽ പറഞ്ഞു. മദ്യനയം ബജറ്റിൽ ഉൾപ്പെടുത്തിയ ശേഷം നടപ്പാക്കണമോ എന്ന് തീരുമാനിക്കും എന്ന് പറഞ്ഞു. ഇതേ ഇരട്ടത്താപ്പ് ആണ് പിഎം ശ്രീ വിഷയത്തിലും മുഖ്യമന്ത്രി സ്വീകരിച്ചത്. മുഖ്യമന്ത്രി ആയതിന് ശേഷമെങ്കിലും വി.ഡി. സതീശൻ ഇരട്ടത്താപ്പ് മാറ്റുമെന്നാണ് പ്രതീക്ഷിച്ചതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വിപണനത്തിന് സർക്കാരിന് ബക്കാർഡി കമ്പനി അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എം.വി. ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്ന കാലത്ത് 2021ലാണ് കത്ത് അയച്ചത്. പ്രൊപ്പോസൽ തയ്യാറാക്കാൻ നികുതി സെക്രട്ടറിക്ക് മന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിരുന്നു. എന്നാൽ നികുതി നിശ്ചയിക്കൽ അടക്കമുള്ള തീരുമാനങ്ങൾ എൽഡിഎഫ് സർക്കാർ എടുത്തിരുന്നില്ല.

SCROLL FOR NEXT