KERALA

''സ്വന്തം തട്ടിപ്പുകള്‍ വന്നാല്‍ പ്രതിപക്ഷ നേതാവും ഫിറോസും മൗനി ബാവകളാവും''; കെ.ടി. ജലീലിന്റെ ആരോപണം ഏറ്റെടുത്ത് സിപിഐഎം

കത്വ, ഉന്നാവ ഫണ്ട് വെട്ടിപ്പ് എന്നിങ്ങനെ നിരവധി തട്ടിപ്പുകളും അനധികൃത സ്വത്ത് സമ്പാദനവുമാണ് കെ.ടി. ജലീല്‍ തെളിവുകള്‍ സഹിതം പുറത്ത് കൊണ്ട് വരുന്നതെന്നും എം.വി. ജയരാജന്‍

Author : ന്യൂസ് ഡെസ്ക്

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ കെ.ടി. ജലീലിന്റെ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങള്‍ ഏറ്റെടുത്ത് സിപിഐഎം. നിഷേധിക്കാനാവാത്ത തെളിവ് ഉണ്ടായിട്ടും യൂത്ത് ലീഗ് നേതാവിന് മൗനം. പി.കെ. ഫിറോസിനെതിരെ ജലീല്‍ തെളിവ് സഹിതമുള്ള വിവരങ്ങളാണ് പുറത്തുകൊണ്ടു വന്നത് എന്നും എം.വി. ജയരാജന്‍ ആരോപിച്ചു.

സ്വന്തം തട്ടിപ്പുകള്‍ വന്നാല്‍ പ്രതിപക്ഷ നേതാവും ഫിറോസും മൗനി ബാവകളാവുകയാണ്. എല്ലായിപ്പോഴും മാധ്യമപ്രവര്‍ത്തകരെ കാണുന്നവരാണ് പ്രതിപക്ഷനേതാവും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും. ഇവര്‍ രണ്ടുപേരും ഇപ്പോള്‍ പരസ്പര മൗനത്തിലാണ്. മാധ്യമങ്ങളോട് പ്രതികരണം പോലുമില്ല. പ്രതിപക്ഷ നേതാവ് പ്രതികരിക്കുബോള്‍ മാധ്യമങ്ങള്‍ക്ക് നേരെ തട്ടിക്കയറുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ദേശീയപാതയില്‍ കോടികള്‍ വില വരുന്ന സ്ഥലവും വീടും, നിരവധി വിദേശയാത്രകള്‍, യുഎഇയിലെ ഫോര്‍ച്യൂണ്‍ ഹൗസ് ജനറല്‍ ട്രെഡിങ്ങില്‍ അഞ്ചേകാല്‍ ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ ജോലി, നാട്ടിലിരുന്ന് വിദേശത്ത് ജോലി ചെയ്യുന്ന മാന്ത്രികന്‍, 'യമ്മി ഫ്രൈഡ് ചിക്കന്‍' എന്ന സ്ഥാപനം പാലക്കാട് കൊപ്പത്തും, കോഴിക്കോട് ഹൈലൈറ്റ് മാളിലും ഫ്രാഞ്ചൈസി ആയി ബിനാമി നടത്തിപ്പ്. കത്വ, ഉന്നാവ ഫണ്ട് വെട്ടിപ്പ് എന്നിങ്ങനെ നിരവധി തട്ടിപ്പുകളും അനധികൃത സ്വത്ത് സമ്പാദനവുമാണ് കെ ടി ജലീല്‍ തെളിവുകള്‍ സഹിതം പുറത്ത് കൊണ്ട് വരുന്നത്,' എം.വി. ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുതര ആരോപണങ്ങളാണ് കെടി ജലീല്‍ പി.കെ. ഫിറോസിനെതിരെ ഉന്നയിക്കുന്നത്. ദേശ വിരുദ്ധ പ്രവര്‍ത്തനമാണ് പികെ ഫിറോസ് നടത്തുന്നതെന്നും അദ്ദേഹം കള്ളപ്പണ ഇടപാടുകാരനമാണെന്നും കെടി ജലീല്‍ ആരോപിച്ചു. റിവേഴ്‌സ് ഹവാല നടത്തിയ ആളാണ് പികെ ഫിറഓസ്. ഫിറോസുമായി ബന്ധമുള്ളവര്‍ തന്നെയാണ് തനിക്ക് വിവരങ്ങള്‍ നല്‍കുന്നതെന്നും കെടി ജലീല്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കൊപ്പത്തെ 'യമ്മി ഫ്രൈഡ് ചിക്കന്‍' എന്ന കടയില്‍ പി.കെ. ഫിറോസിന് ഷെയറുണ്ടെന്ന് കെ.ടി. ജലീല്‍ ആരോപിച്ചിരുന്നു. ഫിറോസിന് ഗള്‍ഫിലെ കമ്പനയില്‍ ജോലിയുണ്ടെന്നും യൂത്ത് ലീഗ് നടത്തിയ ദോത്തി ചലഞ്ചില്‍ വലിയ അഴിമതി നടന്നു എന്നടക്കമുള്ള ആരോപണങ്ങളാണ് കെ.ടി. ജലീല്‍ പറഞ്ഞത്.

പി.കെ. ഫിറോസ് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സെയില്‍സ് മാനേജര്‍ എന്ന നിലയില്‍ ലക്ഷങ്ങള്‍ വാങ്ങുന്നുവെന്നാണ് കെ.ടി. ജലീല്‍ ആരോപിച്ചത്. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോര്‍ച്യൂണ്‍ ഹൗസ് ജനറല്‍ ട്രേഡിങ് എല്‍എല്‍സി എന്ന കമ്പനിയുടെ സെയില്‍സ് മാനേജര്‍ ആണ് പി.കെ. ഫിറോസ് എന്ന് ആരോപിച്ച കെടി ജലീല്‍ അത് വ്യക്തമാക്കുന്ന തരത്തില്‍ ഒരു ഐഡി കാര്‍ഡും ഫിറോസിന്റേതെന്ന് കരുതുന്ന വര്‍ക്ക് പെര്‍മിറ്റും പുറത്തുവിട്ടിരുന്നു.

22,000 ദിര്‍ഹ (5 ലക്ഷത്തോളം രൂപ)മാണ് പി.കെ. ഫിറോസിന്റെ മാസ ശമ്പളം. യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യാപകമായി ഹവാല, റിവേഴ്സ് ഹവാല ഇടപാടുകള്‍ നടത്തുന്നുണ്ട്. 2021ലെ തെരഞ്ഞെടുപ്പില്‍ 25 ലക്ഷം രൂപയിലധികം ബാധ്യതയുണ്ടെന്ന് കാണിച്ച പി.കെ. ഫിറോസ് ആണ് മാസം അഞ്ച് ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്നതെന്നും കെടി ജലീല്‍ ആരോപിച്ചിരുന്നു. താനൂരില്‍ മത്സരിച്ചപ്പോള്‍ ഈ വിവരങ്ങള്‍ പി.കെ. ഫിറോസ് മറച്ചുവെച്ചെന്നും കെ.ടി. ജലീല്‍ ആരോപിച്ചു.

എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കുന്ന പണി ഇതുവരെ ചെയ്തിട്ടില്ലെന്നാണ് പി.കെ. ഫിറോസ് പറഞ്ഞത്. ലീഗിന്റെ വിശ്വാസ്യതയാണ് സിപിഐഎമ്മിന് പ്രശ്നമെന്നും പറഞ്ഞു. വിദേശത്ത് കെഎംസിസിയിലായിരുന്നു പി.കെ. ഫിറോസിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വന്തം തട്ടിപ്പുകള്‍ വന്നാല്‍ മൗനി ബാവകളാവുന്ന പ്രതിപക്ഷ നേതാവും യൂത്ത് ലീഗ് നേതാവും...

എല്ലായിപ്പോഴും മാധ്യമപ്രവര്‍ത്തകരെ കാണുന്നവരാണ് പ്രതിപക്ഷനേതാവും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസും. ഇവര്‍ രണ്ടുപേരും ഇപ്പോള്‍ പരസ്പര മൗനത്തിലാണ്. മാധ്യമങ്ങളോട് പ്രതികരണം പോലുമില്ല. പ്രതിപക്ഷ നേതാവ് ആകട്ടെ പ്രതികരിക്കുബോള്‍ മാധ്യമങ്ങള്‍ക്ക് നേരെ തട്ടിക്കയറുകയും ചെയ്യുന്നു. പി കെ ഫിറോസിന്റെ തട്ടിപ്പുകളെയും അനധികൃത സ്വത്ത് സമ്പാദനത്തെയും കുറിച്ച് പ്രതിപക്ഷ നേതാവ് മൗനത്തിലാണ്. രാഹുല്‍ മാങ്കൂട്ടത്തിന്റെ കൊള്ളരുതായ്മകള്‍ തെളിവുകള്‍ സഹിതം പുറത്തുവന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞു..ഫിറോസ് ആവട്ടെ ഇതുവരെ മൗനം വെടിഞ്ഞില്ല. എന്തൊരു ഐക്യം... തട്ടിപ്പുകളിലും കൊള്ളരുതായ്മകളിലും സ്ത്രീ പീഡനങ്ങളിലും പരസ്പരം സന്ധി ചേരുന്ന ഐക്യം.

ദേശീയപാതയില്‍ കോടികള്‍ വില വരുന്ന സ്ഥലവും വീടും, നിരവധി വിദേശയാത്രകള്‍, യുഎഇയിലെ ഫോര്‍ച്യൂണ്‍ ഹൗസ് ജനറല്‍ ട്രെഡിങ്ങില്‍ അഞ്ചേകാല്‍ ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ ജോലി, നാട്ടിലിരുന്ന് വിദേശത്ത് ജോലി ചെയ്യുന്ന മാന്ത്രികന്‍, 'യമ്മി ഫ്രൈഡ് ചിക്കന്‍' എന്ന സ്ഥാപനം പാലക്കാട് കൊപ്പത്തും, കോഴിക്കോട് ഹൈലൈറ്റ് മാളിലും ഫ്രാഞ്ചൈസി ആയി ബിനാമി നടത്തിപ്പ്. കത്വ, ഉന്നാവ ഫണ്ട് വെട്ടിപ്പ് എന്നിങ്ങനെ നിരവധി തട്ടിപ്പുകളും അനധികൃത സ്വത്ത് സമ്പാദനവുമാണ് കെ ടി ജലീല്‍ തെളിവുകള്‍ സഹിതം പുറത്ത് കൊണ്ട് വരുന്നത്. രാഹുലിന്റെ കൊള്ളരുതായ്മകള്‍ പുറംലോകം അറിയുന്നത് ഇരകള്‍ തന്നെ മൊബൈല്‍ രേഖകള്‍ പുറത്ത് വിട്ടപ്പോഴാണ്. രണ്ടിലും നിഷേധിക്കാനാവാത്ത തെളിവുകള്‍ പൊതുമണ്ഡലത്തില്‍ വന്നിട്ടും മൗനി ബാവകള്‍ ആയി തുടരുന്നത് പ്രതിപക്ഷ നേതാവിനും യൂത്ത് ലീഗ് നേതാവിനും ഭൂഷണമാണോ...

SCROLL FOR NEXT